സ്റ്റേജ് പരിപാടിയ്ക്കിടെ ഡ്രോണ്‍ തലയിലിടിച്ചു; ഗായകന്‍ ബെന്നി ദയാലിന് പരിക്ക്

ഡ്രോണ്‍ തലയിലിടിച്ച് പ്രശസ്ത ഗായകന്‍ ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിന്നില്‍ വന്നിടിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറപ്പിച്ചത്. ഗാനം ആലപിക്കുകയായിരുന്ന ബെന്നി ദയാല്‍ പിറകോട്ട് നീങ്ങവെയാണ് ഡ്രോണ്‍ തലയില്‍ ഇടിച്ചത്.

പരിക്കേറ്റ താരം മുട്ടുകുത്തി ഇരിക്കുന്നതും സംഘാടകര്‍ വേദിയിലേയ്ക്ക് എത്തുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ ബെന്നി ദയാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് അപകടത്തെക്കുറിച്ച് വിശദമാക്കി. സ്‌റ്റേജ് പരിപാടിക്കിടെ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ബെന്നി ദയാല്‍ പറഞ്ഞു.

ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനായുള്ള നിര്‍ദ്ദേശങ്ങളും ബെന്നി ദയാല്‍ മുന്നോട്ട് വെച്ചു. പരിപാടി അവതരിപ്പിക്കുന്നതിനിടെ ഡ്രോണുകള്‍ തങ്ങളുടെ അടുത്തേയ്ക്ക് വരില്ലെന്നത് ആര്‍ട്ടിസ്റ്റുകള്‍ നേരത്തെ ഉറപ്പാക്കണമെന്ന് ബെന്നി ദയാല്‍ പറഞ്ഞു. ഡ്രോണ്‍ പറത്തുന്നത് അതിന് വൈദഗ്ധ്യം നേടിയവര്‍ ആയിരിക്കണമെന്നും താരം നിര്‍ദ്ദേശിച്ചു.

പരിപാടികള്‍ നടത്തുന്ന കോളേജ് അധികൃതരും കമ്പനികളും സംഘാടകരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബെന്നി ദയാല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അപകടത്തില്‍ തന്റെ തലയ്ക്കും രണ്ട് വിരലുകള്‍ക്കും പരിക്കേറ്റുവെന്ന് ഗായകന്‍ ചൂണ്ടിക്കാട്ടി. താന്‍ വേഗം പരിക്കില്‍ നിന്ന് മോചിതനാകുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയുണ്ടെന്നും ബെന്നി ദയാല്‍ പറഞ്ഞു.

Vijayasree Vijayasree :