നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണമായിരുന്നു നടൻ ബാല കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഉണ്ണി മുകുന്ദൻ സിനിമയിൽ പ്രവർത്തിച്ചവർക്ക് പ്രതിഫലം നൽകിയില്ലെന്നും പകരം സ്വന്തമായി ആഡംബര കാർ വാങ്ങുകയാണ് ചെയ്തതെന്നുമായിരുന്നു ബാലയുടെ ആരോപണം.
ഇതിന് പിന്നാലെ ബാലയുടെ ആരോപണങ്ങൾക്കെതിരെ ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നു. ബാലക്ക് പണം നൽകിയെന്ന് കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തി. 20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനd രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകൾ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഇപ്പോഴിതാഉണ്ണി മുകുന്ദന്റെ കാശ് കിട്ടിയിട്ട് വേണ്ട തനിക്ക് ജീവിക്കാനെന്ന് നടൻ ബാല. ഉണ്ണി മുകുന്ദൻ പണം തന്നില്ലെന്ന് പറഞ്ഞ് തന്റെ വീട്ടിൽ പരാതിയുമായി വന്നവരൊക്കെ ഇപ്പോൾ കാല് വാരിയെന്നും ഒരു അഭിമുഖത്തിൽ ബാല പറഞ്ഞു.
‘‘ഉണ്ണി എന്റെ സുഹൃത്താണ് ഇപ്പോഴും. പക്ഷേ പാവങ്ങളെ പറ്റിക്കരുത്. ഉണ്ണി പണം തന്നില്ലെന്ന് പറഞ്ഞ് രാത്രി ഒരു മണിക്ക് എന്റെ വീട്ടിലേക്ക് ആളുകൾ വന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ എല്ലാവരും കാലുവാരി. എല്ലാർക്കും എല്ലാം കിട്ടി. എനിക്കും കിട്ടി, പക്ഷേ പണമല്ല എന്ന് മാത്രം.
ഞാൻ വീണ് കിടക്കുന്നത് കൊണ്ട് ആർക്കും ചതിക്കാം എന്ന രീതിയാണ്. ഉണ്ണി മുകുന്ദൻ കാശ് തന്നിട്ട് വേണ്ട എനിക്ക് ജീവിക്കാൻ. എനിക്ക് എത്ര കോടിയുടെ ആസ്തിയുണ്ടെന്ന് അറിയാമോ? എന്റെ ഭാര്യയുടെ മാതാപിതാക്കളെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് ഉണ്ണി ഇറക്കി വിടുക വരെ ചെയ്തു. എല്ലാവരും എന്നെ ചതിക്കുകയാണ്.’’ ബാല പറഞ്ഞു.