മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. താരത്തിന്റെ തനതായ തിരുവനന്തപുരം ഭാഷാ ശൈലിയ്ക്ക് ആരാധകർ ഏറെയാണ്. നിരവധി ചിത്രങ്ങളിലൂടെ വേറിട്ട നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകിയിട്ടുണ്ട്. കൈ നിറയെ ചിത്രങ്ങളാണ് നടന്. 90കളിൽ സൂപ്പർ നായകന്മാർക്ക് ഒപ്പമായിരുന്നു ബൈജുവും. എന്നാൽ പിന്നീട് കരിയറിൽ താരം ബ്രേക്ക് എടുക്കുകയായിരുന്നു. തിരികെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയപ്പോഴും മലയാളികൾ ബൈജുവിനെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. അവതാരക സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ച് വേദിയിലേയ്ക്ക് ക്ഷണിച്ചതിൽ അതൃപ്തി അറിയിക്കുന്ന നടന്റെ വീഡിയോയാണ് വൈറലാകുന്നത്. നുണക്കുഴി എന്ന ചിത്രത്തിന്റെ സക്സസ് ഇവന്റിനിടെയാണ് സംഭവം.
ബൈജു സന്തോഷിനെ വേദിയിലേയ്‌ക്ക് ക്ഷണിക്കവേയാണ് അവതാരക സൂപ്പർ സ്റ്റാർ എന്ന് സംബോധന ചെയ്തത്. എന്നാൽ സൂപ്പർസ്റ്റാർ എന്നത് മാറ്റി പറയണമെന്നും അങ്ങനെ പറഞ്ഞാൽ മാത്രമേ വേദിയിലേയ്ക്ക് വരികയുള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് അവതാരക ക്ഷമാപണം നടത്തിയിരുന്നു.
ഞാൻ അങ്ങയെ കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ്. എനിക്ക് അങ്ങ് സൂപ്പർസ്റ്റാർ ആണ് എന്നാണ് അവതാരക പറഞ്ഞത്. തുടർന്ന് അദ്ദേഹം വേദിയിലേയ്ക്ക് കയറാൻ സമ്മതിക്കുകയായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ് സഹപ്രവർത്തകരും കാണികളും അദ്ദേഹത്തെ സ്വീകരിച്ചത്.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു നുണക്കുഴി. സരിഗമ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്വൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ്. റിലീസ് ദിവസം ഇന്ത്യയിൽ നിന്ന് 1.65 കോടിയാണ് നേടിയത്.
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1981ൽ രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു ബൈജുവിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1982-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെയാണ് ബൈജു ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബൈജു ബാലതാരമായി അഭിനയിച്ചു.
അതിനുശേഷം കാരക്ടർ റോളുകളിലും നായകന്റെ കൂട്ടുകാരനായും മറ്റുമുള്ള റോളുകളിലുമായിരുന്നു ബൈജു കൂടുതൽ തിളങ്ങിയത്. അദ്ദേഹം ചെയ്തതിൽ അധികവും കോമഡി റോളുകളായിരുന്നു. വില്ലൻ വേഷങ്ങളിലും ബൈജു അഭിനയിച്ചിരുന്നു. മുന്നൂറിലധികം ചിത്രങ്ങളിൽ ബൈജു അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും ബൈജു അഭിനയിച്ചിട്ടുണ്ട്.