സംവിധായകന്മാര്‍ സിനിമയിലെ നായകന്മാരെ അനുകരിക്കാന്‍ നിന്നാല്‍ എവിടെ നിന്നെങ്കിലും, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചാമ്പ് മേടിക്കും; ബൈജു കൊട്ടാരക്കര

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും കൂടിയായ രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പലയിടത്ത് നിന്നായി ഉയരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സാഹിത്യകാരന്മാര്‍ ബുക്കുകളും നോവലുകളും എഴുതുമ്പോള്‍ അതിലെ നായക കഥാപാത്രങ്ങളെയൊക്കെ അനുകരിക്കാന്‍ നിന്നാല്‍ അത് വലിയ ബുദ്ധിമുട്ടാവുമെന്നാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

അതുപോലെ സിനിമ ചെയ്യുന്ന സംവിധായകന്മാര്‍ സിനിമയിലെ നായകന്മാരെ അനുകരിക്കാന്‍ നിന്നാല്‍ എവിടെ നിന്നെങ്കിലും, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചാമ്പ് മേടിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്യൂഡല്‍ സ്വഭാവമുള്ള ഒരുപാട് സിനിമകളൊക്കെ എഴുതിയ ആളാണ് രഞ്ജിത്തെന്ന സംവിധായകന്‍. അദ്ദേഹം മോശക്കാരനല്ല, ചെയ്ത സിനിമകളില്‍ ഒട്ടുമിക്കതും ഹിറ്റായിട്ടുണ്ട്. ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമാണ്. എന്നിരുന്നാലും പൊതുവേദികളില്‍ ശരിയാണോയെന്ന് ചോദിക്കേണ്ടി വരും. ഇത് ഞാന്‍ മാത്രം ചോദിക്കുന്ന ഒരു ചോദ്യമല്ല, ഐ എഫ് എഫ് കെയുടെ വേദിയിലുണ്ടായിരുന്ന ആളുകള്‍ മുഴുവന്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്. അതുകൊണ്ടാണല്ലോ താങ്കളെ അവര്‍ കൂവിയതും.

ഫ്യൂഡല്‍ നായകനെ പോലെ പെരുമാറിയാല്‍ ആളുകള്‍ എന്നും ക്ഷമിച്ചെന്ന് വരില്ല. ഐ എഫ് എഫ് കെ ഇത്തവണയും സമുചിതമായി കൊണ്ടാടി സമാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദങ്ങള്‍ ഒഴിയുന്ന യാതൊരു ലക്ഷണവും ഇപ്രാവശ്യവും ഇല്ല. പ്രധാനമായും പാസ് വിതരണത്തിലെ അപകാതകള്‍ തന്നെയാണ് ഇത്തവണയും പ്രശ്‌നങ്ങളായത്.

ലിജോ ജോസ് പെല്ലിശ്ശേരിയെന്ന പ്രതിഭാധനനായ സംവിധായകന്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള തള്ളിക്കയറ്റവുമുണ്ടായി. ഒടുവില്‍ പൊലീസ് ഇടപെടല്‍ വരേയുണ്ടായി. ഇതില്‍ പ്രതിഷേധം ഉള്ളവര്‍ തങ്ങള്‍ക്ക് സാധിക്കുന്ന ഇടത്തൊക്കെ പ്രതിഷേധിക്കും.

പൊതുവെ ഫ്യൂഡല്‍ സ്വഭാവമുള്ള കച്ചവട സിനിമകള്‍ ചെയ്ത രഞ്ജിത്തനെപോലെയുള്ള വ്യക്തി ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആവുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമയിലെ നായകന്മാരെ പോലെ പെരുമാറിയില്‍ അത് കേരളത്തില്‍ മറ്റൊരു സാസ്‌കാരിക അശ്ലീലം തന്നെയായിരിക്കും. ഒരാള്‍ ഏത് സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നോ ഊരിയ വാളുമായി പോരാടിയ ചരിത്രമുണ്ടെന്നോ സിനിമ പോലുള്ള ഒരു ഇടത്തില്‍ പ്രസംഗിക്കേണ്ട കാര്യമില്ല.

ഈ സ്ഥാനത്ത് എത്തിയതൊക്കെ ആ രാഷ്ട്രീയ ബന്ധം കൊണ്ടാവും. ഒരിക്കല്‍ വിനായകനോട് പ്രകടിപ്പിച്ച ദാര്‍ഷ്ട്യവും ആധുനിക രാഷ്ട്രീയ മാടമ്പിതരങ്ങളും ഉള്ളിലെ ഫ്യൂഡല്‍ ചിന്താഗതിയും സമ്മേളിച്ചിട്ടുണ്ടാവുന്ന മറ്റൊരു തരം വ്യത്തികെട്ട ബോധ്യം തന്നെയാണ് രഞ്ജിത്. ഒരേ സമയം അതിജീവിതയെ വേദിയിലേക്ക് ആനയിക്കുകയും അതേ വിഷയത്തില്‍ ജയിലില്‍ കിടക്കുന്ന വേട്ടക്കാരനായ പ്രതിയെ രഹസ്യമായി സന്ദര്‍ശിക്കുകയും ചെയ്ത ഒരു ഇരട്ടത്താപ്പ് അയാള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും കിട്ടിയതാവും.

കഴിഞ്ഞ തവണയും വിവാദം സൃഷ്ടിച്ച അയാള്‍ ഇത്തവണയും അതില്‍ നിന്ന് ഒഴിവായില്ല. നടത്തില്‍ പറ്റുന്ന പാകപ്പിഴകള്‍ക്ക് ക്ഷമ ചോദിക്കേണ്ടതിന് പകരം ഇന്ദുചൂഡന്‍ കളി പുറത്തേക്ക് എടുത്താല്‍ ഒടുവില്‍ വാഴിച്ചവര്‍ക്ക് പോലും തലവേദനയാവും എന്ന് രഞ്ജിത്ത് ഓര്‍ക്കണം. ഈ വിഷയത്തില്‍ അനുപമ മോഹന്‍ പങ്കുവെച്ച കുറിപ്പ് ഞാന്‍ ഇവിടെ വായിക്കുകയാണ്.

‘ഒരു പ്രത്യേക വിഭാഗം ആളുകള്‍ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരുന്ന സ്ഥലങ്ങളും സാധനങ്ങളും ജനകീയമാവുന്നത് അവര്‍ സഹിച്ചുകൊള്ളണമെന്നില്ല. സൊസൈറ്റിയിലെ എല്ലാ ക്ലാസ്സില്‍ പെട്ടവരും ഇത്തരം സ്‌പേസുകളില്‍ പ്രത്യക്ഷപ്പെടുന്നത് എലൈറ്റ് ആയ ചിലരിലെങ്കിലും അസഹിഷ്ണുതയുമുണ്ടാക്കും. ഉദാഹരണത്തിന് എല്ലാ വിഭാഗത്തില്‍ നിന്നും എഴുത്തുകാരും പ്രസാധകരുമുണ്ടാകുന്നത് തലമൂത്ത പല എഴുത്തുക്കാര്‍ക്കും സഹിക്കാന്‍ പറ്റണമെന്നില്ല. ജാതിക്കൊണ്ടൊ സോഷ്യല്‍ സ്റ്റാറ്റസ് കൊണ്ടോ ഉയര്‍ന്നു നില്‍ക്കുന്നവരുടെ സ്ഥലങ്ങളിലേക്ക് എല്ലാവരും കയറിവരുന്നത് അവരില്‍ ബുദ്ധിമുട്ടുണ്ടാക്കും.’ എന്നാണ് അനുപമ വ്യക്തമാക്കുന്നത്

‘കണ്ട ചവറുകള്‍ പ്രസിദ്ധീകരിക്കാന്‍ വരെ ആളുണ്ടെന്നും സാഹിത്യത്തെ കുറിച്ച് ഒന്നുമറിയാത്തവന്‍ വരെ എഴുതി തുടങ്ങുയെന്നും’ പറയുന്നത് ഈ ബോധത്തിന്റെ പുറത്താണ്. അവര്‍ക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന ബഹുമാനവും സ്വീകാര്യതയും എല്ലാവര്‍ക്കും കിട്ടിതുടങ്ങുന്നത് അവര്‍ക്ക് സഹിക്കില്ല” എന്നും അനുപമ മോഹന്‍ പറയുന്നുണ്ട്. ഐഎഫ്എഫ്‌കെ വേദിയില്‍ മദ്യപിച്ച് ചെല്ലുന്നതും അവിടെ നിന്ന് രാഷ്ട്രീയം സംസാരിക്കുന്നത് ശരിയാണോയെന്നും രഞ്ജിത്ത് ചിന്തിക്കണമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Vijayasree Vijayasree :