വിജയ് എന്റെ ആരാധകനാണ് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി; ‘ലിയോ’ വിശേഷങ്ങളെ കുറിച്ച് ബാബു ആന്റണി

ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ പുറത്തെത്താനിരിക്കുന്ന ‘ലിയോ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മലയാളി താരം ബാബു ആന്റണിയും സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ വിജയ്‌ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അദ്ദേഹം. വിജയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

‘സാക്ഷാല്‍ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്‌നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യന്‍, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറില്‍ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകള്‍ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാന്‍ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു’, എന്നും ബാബു ആന്റണി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ലിയോയുടെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. സിനിമയുടെ ചിത്രീകരണ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയും ലിയോയിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.

Vijayasree Vijayasree :