ടെലിവിഷന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിലൂടെയും കേമാഡി പരിപാടിയകളിലൂടെയും തിളങ്ങി ഇന്ന് സിനിമാ ലോകത്തേയ്ക്ക് എത്തിയിരിക്കുകയാണ് നടന്‍. ആദ്യകാലങ്ങളില്‍ കോമഡി വേഷമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡെന്ന ചിത്രം അസീസിലെ അഭിനയ പ്രതിഭയെ കൂടുതല്‍ തുറന്ന് കാട്ടുന്നതായിരുന്നു.
കാന്‍ പുരസ്കാര വേദിയില്‍ തിളങ്ങിയ ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലും അസീസ് പ്രധാനപ്പെട്ട റോള്‍ ചെയ്തിരുന്നു.ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് അസീസ് നെടുമങ്ങാട് പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സുരേഷ് ഗോപിയോടൊപ്പം അമേരിക്കന്‍ പര്യടനത്തിനിടെയാണ് പാചകക്കാരനായ തന്റെ പിതാവിന്‍റെ മാസ്റ്റർ പീസ് ഐറ്റമായ മട്ടന്‍ കറിയെക്കുറിച്ച് അസീസ് സുരേഷ് ഗോപിയോട് പറയുന്നത്. അപ്പോള്‍ തന്നെ ” അസീസേ.. എനിക്കും കഴിക്കണം ആ മട്ടന്‍ കറി, ബാപ്പയോട് ചോദിക്കണം ഉണ്ടാക്കിത്തരുമോയെന്ന്” എന്നാണത്രേ സുരേഷ് ഗോപി പറഞ്ഞത്.
അന്ന് സുരേഷ് ഗോപി പറഞ്ഞത് വെറും വാക്ക് ആണെന്ന് കരുതിയെങ്കിലും പിന്നാലെ നാട്ടില്‍ വന്ന് ഒരാഴ്ച കഴിഞ്ഞതിന് ശേഷം വന്ന ആ ഫോണ്‍ കോള്‍ അസീസിനെ ഞെട്ടിക്കുന്നതായിരുന്നു. ഞാന്‍ എന്നാണ് മട്ടന്‍ കഴിക്കാന്‍ വീട്ടിലേക്ക് വരേണ്ടത് എന്നാണ് സുരേഷ് ഗോപി വിളിച്ച് ചോദിച്ചത്.
അതോടെ ആകെ പരിഭ്രാന്തിയിലായിപ്പോയെന്നാണ് അസീസ് പറയുന്നത്. അദ്ദേഹത്തെപ്പോലെയൊരു സൂപ്പർ താരത്തെ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ തന്റെ വീട്ടിലുണ്ടോ എന്നായിരുന്നു പ്രധാന ആശങ്ക. പിന്നെ കറിയെങ്ങാനും അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കിലോയെന്ന പേടിയുമുണ്ടായിരുന്നുവെന്നും അസീസ് പറയുന്നു.
എന്തായാലും രണ്ടും കല്‍പ്പിച്ച് സുരേഷേട്ടന്‍ സൗകര്യമുള്ള ഏത് സമയത്ത് വരാമെന്നും മറുപടി നല്‍കി. ചേട്ടന്‍ വീട്ടിലെത്തിയപ്പോള്‍ ‘ഞങ്ങളുടെ വീട് ചെറുതാണ് ഇഷ്ടമാകുമോ എന്തോ’ എന്നായിരുന്നു ഉമ്മ പറഞ്ഞത്.
അത് കേട്ടതും സുരേഷേട്ടന്‍ എന്നെ ചേർത്തുപിടിച്ചു കൊണ്ട് ഉമ്മയുടെ ഈ മകന്‍ വലിയൊരു വീട് വെക്കും. ഒരു സംശയവും വേണ്ട എന്ന് പറഞ്ഞു. അതാണ് പുതിയൊരു വീടെന്ന മോഹം മനസ്സില്‍ മൊട്ടിട്ടതെന്നും അസീസ് അഭിമുഖത്തില്‍ പറയുന്നു.