‘ഋതു’ എന്ന ശ്യാമ പ്രസാദ് ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് ആസിഫ് അലി. സഹനടനായും വില്ലനായും നായകനായും തിളങ്ങിയ ആസിഫ് അലി ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം ‘തലവന്‍’ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ഈ വേളയില്‍ തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ശ്യാമ പ്രസാദിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. പതിമൂന്ന് വര്‍ഷമെടുത്തു ശ്യാമ പ്രസാദ് തന്നെ അഭിനന്ദിക്കാന്‍ എന്നാണ് ആസിഫ് അലി പറയുന്നത്.
‘ഇപ്പോള്‍ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തോന്നുന്നുണ്ട്. കുറ്റവും ശിക്ഷയും കമ്മിറ്റ് ചെയ്യുമ്പോള്‍ പോലും ഒരു വലിയ ആനകേറാമല ഫീല്‍ എനിക്ക് ഉണ്ടായിരുന്നു. കുറ്റവും ശിക്ഷയും കണ്ടിട്ട്, ശ്യാം സര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. 13 വര്‍ഷമെടുത്തു ശ്യാം സാറിന്റെ കയ്യില്‍ നിന്ന് ഒരു അപ്രിസിയേഷന്‍ കിട്ടാന്‍.
എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. ഋതു മുതല്‍ ഇങ്ങോട്ടുള്ള യാത്രയില്‍ അത്രയും സമയമെടുത്തു. ശ്യാം സര്‍ ഒരിക്കല്‍ എന്റെ സിനിമ കണ്ടിട്ട് കാരക്ടറൈസേഷനെക്കുറിച്ചൊക്കെ എന്നോട് സംസാരിച്ചു. അതെനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തന്നു. ശേഷം കൂമന്‍ ചെയ്തപ്പോഴും അതില്‍ ഒരു നാട്ടിന്‍പുറത്തുകാരനായ കോണ്‍സ്റ്റബിള്‍ ആണ്.
രണ്ട് രീതിയിലുള്ള പൊലീസ് വേഷങ്ങളാണ് അതുവരെ ചെയ്തത്. അപ്പോള്‍ വീണ്ടും ഒരു പൊലീസ് വേഷം ചെയ്യുക എന്നത് വലിയ ചലഞ്ചിംഗ് ആയിരുന്നു. ഈ സിനിമയിലേക്ക് വരുമ്പോള്‍ ആനയ്ക്ക് നെറ്റിപ്പട്ടമിട്ടപോലായിരുന്നു ബിജുമേനോന്റെ പൊലീസ് വേഷം.
അത് കാണുമ്പോള്‍ തന്നെ ഒരു വലുപ്പമുണ്ട്. അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ പൊലീസായിരുന്നു. പൊലീസുകാരുടെ എല്ലാ രീതിയും അറിയാം. യൂനിഫോം ഇട്ട് നിന്നാല്‍ ബിജു ചേട്ടന്‍ നല്ല പൊലീസുകാരനാണ്.’ എന്നാണ് അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞത്.
അതേസമയം ബിജു മേനോനും ജിസ് ജോയ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൌര്‍ണമിയും എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെയും, ആന്റണി വര്‍ഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ‘ഇന്നലെ വരെ’ എന്ന ചിത്രമായിരുന്നു ജിസ് ജോയിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.