വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ താരം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ അനുരാഗ വിലോചനനായി എന്ന ഗാനം കേരളക്കരയാകെ മൂളിനടന്നിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഈ അടുത്ത് വെബ് സീരീസിലൂടെ വീണ്ടും ആരാധകരുടെ മുന്നിലെത്തിയിരുന്നു. മാത്രമല്ല, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് അർച്ചന കവി. ഇടയ്ക്ക് വച്ച് കുറെ സിനിമകൾ അടുപ്പിച്ചു ചെയ്തിരുന്നു പിന്നീട് എന്താണ് സംഭവിച്ചത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് അർച്ചനയുടെ മറുപടി. പത്ത് വർഷത്തിന് ശേഷം ഞാൻ ചെയ്യുന്ന സിനിമയാണിത്. ഐഡന്റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതിൽ നന്ദി.
എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. പിന്നെ ഞാൻ ഒന്ന് വിവാഹം കഴിച്ചു. ഒരു ഡിവോഴ്സ് നടന്നു. ശേഷം ഡിപ്രഷൻ വന്നു. പിന്നെ അതിൽ നിന്നും റിക്കവറായി. ഇപ്പോൾ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വർഷം വേണ്ടിവരില്ലേ? എന്നായിരുന്നു അർച്ചന കവിയുടെ മറുപടി.
അതേസമയം, ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയുടെ സംവിധാനും അഖിൽ പോളും അനസ് ഖാനും ചേർന്നാണ്. തൃഷ, വിനയ് റായ്, അജു വർഗീസ്, റെബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ആണ് ലോകമെമ്പാടും പ്രദർശനത്തിനെത്തിയത്.
ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ് ട്രെയ്ലർ.