വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ താരം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ അനുരാഗ വിലോചനനായി എന്ന ഗാനം കേരളക്കരയാകെ മൂളിനടന്നിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഈ അടുത്ത് വെബ് സീരീസിലൂടെ വീണ്ടും ആരാധകരുടെ മുന്നിലെത്തിയിരുന്നു. മാത്രമല്ല, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോൾ വലിയൊരു ഇടവേളയ്ക്ക് ബിഗ് സ്‌ക്രീനിലേയ്ക്ക് തിരികെ വന്നിരിക്കുകയാണ് അർച്ചന കവി. ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അർച്ചനയുടെ തിരിച്ചുവരവ്.ഇപ്പോഴിതാ തന്റെ ഈ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുകയാണ് അർച്ചന കവി.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ വിഷാദരോഗാവസ്ഥയെക്കുറിച്ചടക്കം സംസാരിക്കുന്നത്. വ്യക്തജീവിതത്തിൽ വളരെ മോശം അവസ്ഥയിലൂടെ താൻ കടന്നു പോകുമ്പോഴാണ് ഐഡന്റിറ്റി എന്ന സിനിമ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നാണ് അർച്ചന പറയുന്നത്.
അർച്ചനയുടെ കുറിപ്പ് ഇങ്ങനെ;
എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനിൽ കണ്ടിട്ട് പത്ത് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നിലാണ് ഐഡന്റിറ്റി വരുന്നത്. എനിക്കതോട് നീതിപുലർത്താൻ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്റെ മരുന്നുകൾ ക്രമരഹിതമായിരുന്നു. ഞാൻ വിഷാദത്തിന്റെ എപ്പിസോഡുകളുമായി പോരാടുകയായിരുന്നു.
അപ്പോഴാണ് അഖിൽ പോൾ ഒരു സംവിധായകനായി കടന്നു വരുന്നതും പിന്നീട് സുഹൃത്താകുന്നതും. അദ്ദേഹം എനിക്കൊപ്പം നിന്നു. ഞാൻ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ പ്രയാസകരമായ നാളുകളിൽ എനിക്കൊപ്പം പ്രാർത്ഥിക്കുക വരെ ചെയ്തു. ഡോകടർമാരെ മാറ്റി. ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും എനിക്ക് ഒരു എപ്പിസോഡ് പോലുമുണ്ടായില്ല.
ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടൊരു അവസ്ഥയിലാണ് ഞാൻ. പക്ഷെ ഇപ്പോഴും സ്‌ക്രീനിനെ ഫേസ് ചെയ്യാൻ സാധിക്കുമോ എന്നെനിക്ക് അറിയില്ല. ഡെലിവറി റൂമിന് ഭർത്താവ് നിൽക്കുന്നതു പോലെ ആശങ്കയോടെ ഞാൻ പുറത്ത് നിന്നേക്കാം. ആളുകൾ എന്നേയും എന്റെ സിനിമയേയും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ. നീലത്താമരയ്ക്ക് ശേഷം എന്റെയൊരു സിനിമ കാണാനായി അച്ഛനും അമ്മയും കേരളത്തിലേക്ക് വരിയാണ്. പുനർജന്മം പോലെയാണ് തോന്നുന്നത്. പ്രാർത്ഥനയോടെ… എന്നു പറഞ്ഞാണ് അർച്ചന കവി കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയുടെ സംവിധാനും അഖിൽ പോളും അനസ് ഖാനും ചേർന്നാണ്. തൃഷ, വിനയ് റായ്, അജു വർഗീസ്, റെബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ് ട്രെയ്‌ലർ.