ഫഹദ് ഫാസില്‍ ചെയ്തത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റ്, കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ്; നടനെതിരെ അനൂപ് ചന്ദ്രന്‍

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ വാർഷിക ജനറല്‍ ബോഡി യോഗം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് ഇത്തവണ ഉണ്ടായത്. ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നുവെങ്കിലും കുറച്ച് പേര്‍ എത്തിയിരുന്നില്ല. ഇപ്പോഴിതാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസില്‍ ഉള്‍പ്പെടേയുള്ളവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍.

അമ്മ പോലുള്ള ഒരു ചാരിറ്റി സംഘടനയുടെ യോഗത്തില്‍ ഫഹദ് ഫാസിലിനെപ്പോലുള്ളവർ പങ്കെടുക്കേണ്ടതാണ്. യോഗം നടക്കുന്ന സമയത്ത് അദ്ദേഹം എറണാകുളത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല എന്നും അനൂപ് ചന്ദ്രന്‍ പറയുന്നുണ്ട്.

അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു.

എന്നാല്‍ അമ്മയുടെ യോഗത്തിലേയ്ക്ക് തിരിഞ്ഞ് പോലും നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ്.

ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷായി പോകുകകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബന്‍.

നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്.

പൃഥ്വിരാജിനെപ്പോലുള്ളവർ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവർക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവർക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല.

അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ,കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത് എന്നും അനൂപ് ചന്ദ്രന്‍ ചോദിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപിന്‍റെ പ്രതികരണം.

അതേസമയം, അതേസമയം 25 വർഷത്തിന് ശേഷം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബു സ്ഥാനം ഒഴിയുന്നുവെന്ന പ്രത്യേകതയായിരുന്നു ഇത്തവണത്തെ യോഗത്തെ വേറിട്ട് നിര്‍ത്തിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരമാണ് ഉണ്ടായത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചിരുന്നു.

എന്നാല്‍ സിദ്ദിഖാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018 – 21 കാലത്ത് എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Vijayasree Vijayasree :