എന്റെ പ്രിയപ്പെട്ട അഭിനേത്രി… അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു, അന്ന ബെന്‍

നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ പുറത്തത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘കൽക്കി 2898 എഡി’ . തിയേറ്ററുകളിൽ മികച്ച പ്രതകിരണത്തോടെ മുന്നേറുകയാണ് ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിൽ നിന്നും അന്ന ബെന്നും ശോഭനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൽക്കിയെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെൻ.

ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളെക്കാൾ പതിന്മടങ്ങ് ബജറ്റിലാണ് കൽക്കി ഒരുക്കിയിരിക്കുന്നത്. സംവിധാനം, തിരക്കഥ എന്നിങ്ങനെ എല്ലാറ്റിലും വ്യത്യസ്ത കാണാം. ആദ്യമായാണ് ഗ്രീൻ‍ ഫ്ലോറിൽ അഭിനയിക്കുന്നത്. അവിടെ ക്യാൻവാസ് ശൂന്യമാണ്. കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്നു സംവിധായകന്റെ സഹായത്തോടെ നമ്മൾ തീരുമാനിക്കുകയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലും ഡബ് ചെയ്തു. ദീപിക പദുക്കോണിന്റെ കൂടെ സീനുണ്ടായിരുന്നു. എല്ലാക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേത്രി ശോഭനയാണ്. അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു എന്നാണ് അന്ന ബെൻ പറയുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്‍ക്കി 2898 എഡി ലോകവ്യാപകമായി തിയറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥിതാരമായി എത്തിയിട്ടുമുണ്ട് ദുല്‍ഖര്‍. കേരളത്തിലെ 285 സ്ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. രണ്ടാം ദിനമായ വെള്ളിയാഴ്ച നേടിയിരിക്കുന്നത് 2.75 കോടിയും. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്‍റെ കേരളത്തില്‍‌ നിന്നുള്ള കളക്ഷന്‍ 5.6 കോടിയാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ആ​ഗോള കളക്ഷന്‍ 298.5 കോടിയാണ്.

സയൻസ് ഫിക്ഷനായാണ് ‘കൽക്കി 2898 എഡി’ എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസും ‘ക്യാപ്റ്റൻ’ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രത്തെ കമൽ ഹാസനും ‘റോക്സി’യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചത്.

Vijayasree Vijayasree :