നാളിതുവരെ കണ്ടിട്ടുള്ള അനുശോചനങ്ങളിൽ വച്ച് ഏറ്റവും മലീമസമായ ഒന്ന്.. പ്രഹസനമായി വായിച്ച് ദുരന്തമായി വിലയിരുത്തപ്പെട്ട പോസ്റ്റ്; അഡ്വ. ജയശങ്കറിനെതിരെ അഞ്ജു പാർവതി

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ അന്ത്യം സിനിമ പ്രേമികൾക്കും ഏറെ വേദന സൃഷ്ടിച്ചിരുന്നു, ആ വേദന മാറും മുൻപ് അറ്റ്ലസ് രാമചന്ദ്രനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ എത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ആദരാജ്ഞലി കുറിപ്പിലാണ് അറ്റ്ലസ് രാമചന്ദ്രനെ അപമാനിക്കുന്ന പരാമർശം. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു എന്നാണ് ജയശങ്കറിന്റെ പരാമർശം. ഇതോടെ ജയശങ്കറിന് എതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഇപ്പോഴിതാ ജയശങ്കറിനെതിരെ വിമർശനവുമായി അഞ്ജു പാർവതി പ്രബീഷ് രംഗത്ത്.

ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്

“പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി. “! ജീവിച്ചിരുന്ന നാളത്രയും പൊതുസമൂഹത്തിന് യാതൊരു വിധത്തിലുള്ള ദോഷവും വരുത്താതെ, തന്നാലാവുന്ന വിധം നന്മകൾ മാത്രം ചെയ്ത് , നേരോടെയും നെറിവോടെയും കച്ചവടം ചെയ്ത ശുദ്ധരിൽ ശുദ്ധനായ ഒരു മനുഷ്യൻ മരണപ്പെട്ടപ്പോൾ സൂര്യന് കീഴെയുള്ള സകലതിനെയും കുറിച്ച് സംവദിക്കുന്ന പണ്ഡിതനായ ഒരു വക്കീൽ കുറിച്ച വരികളാണ് മുകളിൽ. നാളിതുവരെ കണ്ടിട്ടുള്ള അനുശോചനങ്ങളിൽ വച്ച് ഏറ്റവും മലീമസമായ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്.

നേരും നെറിയും സത്യസന്ധതയുമായി ബിസിനസ്സ് സാമ്രാജ്യം ആരംഭിക്കുന്നതാണോ വക്കീലേ പ്രഹസനം? ചുറ്റിലുമുള്ളവർ ചതിക്കുമ്പോഴും കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം കൺമുന്നിൽ തകരുമ്പോഴും തളരാതെ, പുഞ്ചിരി കൈവിടാതെ , ആത്മവിശ്വാസത്തോടെ എല്ലാം ഒന്നിൽ നിന്നും തുടങ്ങുന്നതാണോ വക്കീലേ ദുരന്തം ? ബിഗ് ഷോട്ടുകൾ മുതൽ വെറും സാധാരണക്കാരിൽ സാധാരണക്കാരായ സാധു മനുഷ്യർ വരെ ഈ മരണവാർത്തയറിഞ്ഞപ്പോൾ ഒരിറ്റു നനവോടെ, ആ മനുഷ്യൻ്റെ മുഖം ഓർത്ത് സങ്കടപ്പെട്ടുവെങ്കിൽ അതിനർത്ഥം ഒന്നു മാത്രമാണ് – അക്ഷരം തെറ്റാതെ “മനുഷ്യൻ” എന്ന് വിളിക്കേണ്ട ഒരു പേരാകുന്നു രാമചന്ദ്രൻ! വിശ്വസ്തത എന്ന ടാഗ്ലൈൻ ഒരേ ഒരു സ്ഥാപനത്തിന് മാത്രം അലങ്കാരമാകുന്നു – അറ്റ്ലസ് . പ്രഹസനമായി വായിച്ച് ദുരന്തമായി വിലയിരുത്തപ്പെട്ട അഡ്വ. ജയശങ്കറിൻ്റെ പോസ്റ്റിന് ആദരാഞ്ജലി!

Noora T Noora T :