എത്രമാത്രം ആഭാസമായ മതേതര കാഴ്ചപ്പാടാണ് അതെല്ലാം.., ഉണ്ണി മുകുന്ദന്‍ ഈ കെട്ടകാലത്തെ പ്രതീക്ഷയാണ്; കുറിപ്പുമായി അഞ്ജു പാര്‍വതി പ്രഭീഷ്

കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അഞ്ജുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മതേതര മുഖംമൂടി ഇട്ട കേരളത്തിന്റെ sickular ചിന്താഗതിയുടെ കടയ്ക്കല്‍ ആഞ്ഞാഞ്ഞു വെട്ടിയ ഇവര്‍ രണ്ടു പേരുമാണ് ഈ മണ്ഡലകാലത്തിന്റെ ഏറ്റവും നിറവ് ഉള്ള മുഖങ്ങള്‍. ഇഫ്ത്താര്‍ വിരുന്നും ക്രിസ്തുമസ് വിരുന്നും ഒരുക്കുന്ന മുഖ്യമന്ത്രി മതേതരത്വത്തിന്റെ മനോഹര കാഴ്ചാനുഭവമാണെന്ന് സ്തുതി പാടുന്ന അതേ ഇടങ്ങളില്‍ നിന്ന് തങ്ക അങ്കി ദര്‍ശനത്തിനായി ഗണപതി ക്ഷേത്ര നടപ്പന്തലിലെത്തിയ കളക്ടറുടെ ശരണം വിളിക്കെതിരെ വാളോങ്ങല്‍ നടക്കുമ്പോള്‍ അത് വെളിവാക്കുന്നുണ്ട് അയ്യപ്പ സ്വാമിയും ശരണം വിളിയും ഇന്നും ആരുടെ ഉറക്കമാണ് കെടുത്തുന്നതെന്ന്.

ക്രൈസ്തവ വിശ്വാസിയായ ഒരു മന്ത്രി വത്തിക്കാനിലെത്തി പോപ്പിന്റെ കൈ മുത്തിയാല്‍ അത് ഭരണഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യം. ഇസ്ലാം വിശ്വാസിയായ ഒരു മന്ത്രി ഉംറയ്ക്കായി മക്കയില്‍ പോയാല്‍ അതും ഭരണഘടന നല്കുന്ന വ്യക്തി സ്വാതന്ത്ര്യം. എന്നാല്‍ ഹൈന്ദവ വിശ്വാസിയായ ഒരു കളക്ടര്‍ തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ശരണം വിളിച്ചു പോയാല്‍ അത് പ്രോട്ടോകോള്‍ ലംഘനം.!! എത്രമാത്രം ആഭാസമായ മതേതര കാഴ്ചപ്പാടാണിത്?

അയ്യപ്പസ്വാമിയെ ഭയക്കുന്ന, ശരണം വിളിയെ ഭയക്കുന്ന ഒരു കൂട്ടരുടെ മലിനമായ പൊറാട്ടു നാടകം 2018 മണ്ഡലകാലത്ത് ഭക്തര്‍ കണ്ടറിഞ്ഞതാണ്. ശബരിമലയെന്ന പുണ്യമലയെ ഒരു കൂട്ടം നികൃഷ്ട ജന്മങ്ങള്‍ കള്ളപ്രമാണങ്ങളിലൂടെയും നവോത്ഥാനമെന്നു പേരിട്ടു വിളിച്ച മൂന്നാം കിട പേക്കൂത്തിലൂടെയും തകര്‍ത്തെറിയാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിച്ചത് സാധാരണക്കാരായ ഭക്ത ലക്ഷങ്ങളുടെ ഹൃദയത്തിലുറച്ചുപ്പോയ അയ്യപ്പസ്വാമിയോടുള്ള നിസ്വാര്‍ത്ഥ ഭക്തി ഒന്നുകൊണ്ട് മാത്രമാണ്.

അയ്യനോടുള്ള അചഞ്ചലമായ ഭക്തിയോടെ ഒരു കുഞ്ഞിനെയും ഒക്കത്തെടുത്ത് ശരണം വിളിച്ച ദിവ്യ എന്ന അമ്മ ഈ മണ്ഡലകാലത്ത് കണ്ട മനോഹരമായ റിയല്‍ കാഴ്ച ആവുമ്പോള്‍ മറുപക്ഷത്ത് ഇതാ അചഞ്ചലമായ ഭക്തിയോടെ ഒരു കുഞ്ഞ് മാളികപ്പുറം അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ കൊതിക്കുകയും അതിനായി അവള്‍ തന്റെ കൂട്ടുകാരനൊപ്പം മലയിലേയ്ക്ക് ഒരു സാഹസികയാത്ര നടത്തുന്നതിന്റെയും റീല്‍ കാഴ്ച ആവുന്നു. മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമല്ല; മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തില്‍ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയാണ്. അത് കേരളത്തിനായി സമര്‍പ്പിച്ച ഉണ്ണി മുകുന്ദന്‍ ഈ കെട്ടകാലത്തെ പ്രതീക്ഷയാകുന്നു.

Vijayasree Vijayasree :