റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. . സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്താണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് അഞ്ജു പറയുന്നു. പിന്നണി ഗായികയായി സാന്നിധ്യം അറിയിച്ച അഞ്ജു സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ പേജുകളും യൂട്യൂബ് ചാനലുമൊക്കെ പ്രശ്‌സ്തമാണ്.
അഞ്ജുവിന്റെ ചാനലിനും ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അഞ്ജുവിന്റെ ചാനലില്‍ പാട്ട് മാത്രമല്ല, യാത്രയും ബ്യൂട്ടി ടിപ്പ്‌സുമെല്ലാം പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് അഞ്ജു ജോസഫ്.
ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് അഞ്ജു മനസ് തുറക്കുകയാണ്. താന്‍ സംഗീതത്തെ ഗൗരവ്വമായി കാണാന്‍ തുടങ്ങുന്നത് വളരെ വൈകിയിട്ടാണെന്നാണ് അഞ്ജു പറയുന്നത്. പാട്ടിന് പുറമെ ഈയ്യടുത്ത് അഭിനയത്തിലും അഞ്ജു സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ അഭിനയത്തില്‍ തനിക്ക് അത്ര താല്‍പര്യമില്ല എന്നാണ് അഞ്ജു പറയുന്നത്. ആരെങ്കിലും കാണണമെന്ന് അത്ര ആഗ്രഹം പ്രകടിപ്പിച്ചാല്‍ മാത്രമേ താന്‍ ചെയ്യുള്ളൂവെന്നാണ് അഭിനയത്തെക്കുറിച്ച് അഞ്ജു പറയുന്നത്.
എച്ച്ഒപി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു മനസ് തുറക്കുന്നത്. അഭിനയത്തില്‍ താല്‍പര്യം ഇല്ലെങ്കിലും ഗായകര്‍ എന്നാല്‍ വോക്കല്‍ ആക്ടേഴ്‌സ് ആണെന്നാണ് അഞ്ജു പറയുന്നത്. ഷോകളില്ലാത്ത സമയത്ത് കൂടുതല്‍ സമയവും ചെലവിടുന്നത് സംഗീതം പ്രാക്ടീസ് ചെയ്യാനാണെന്ന് അഞ്ജു പറയുന്നു. ആദ്യത്തെ പാട്ട് പാടുമ്പോള്‍ എങ്ങനെയാണ് പാടേണ്ടതെന്ന് അറിയില്ലായിരുന്നു. എന്നാല്‍ പാടുമ്പോള്‍ ആ സിനിമയ്ക്ക് ആവശ്യമുള്ള ഭാവം ഭാവനയില്‍ കണ്ട് കൊടുക്കണമെന്ന് പിന്നീട് മനസിലായെന്ന് അഞ്ജു പറയുന്നു.
വോക്കല്‍ ആക്ടിങ്ങ് ഏറെ രസമുള്ള കാര്യമാണ്. സ്റ്റേജ് പെര്‍ഫോമന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. അതൊരു ഹരമാണ്. ദൈവം സഹായിച്ച് അത്യാവശ്യം പ്രോഗ്രാമുകളൊക്കെ കിട്ടുന്നുണ്ടെന്നും അഞ്ജു പറയുന്നു. കാണികളെ പാട്ടു പാടി ഇളക്കുമ്പോള്‍ കിട്ടുന്ന ത്രില്ല് ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് അഞ്ജു. അതുകൊണ്ട് തന്നെ ഏറെ ആസ്വദിച്ചാണ് പാടാറുള്ളതെന്നും അഞ്ജു പറയുന്നു. പരിപാടികള്‍ക്കിടെയുണ്ടായ രസകരമായ അനുഭവങ്ങളും അഞ്ജു പങ്കുവെക്കുന്നുണ്ട്.
ഒരിക്കല്‍ അഞ്ജു നാട്ടിലൊരു പള്ളിപ്പെരുന്നാളിന് പാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്‍ പേര് മീനാകുമാരി എന്ന പാട്ടാണ് പാടുന്നത്. വേറെന്തോ ചിന്തിച്ച് ഏതോ പാട്ടായിരുന്നു അഞ്ജു പാടിയത്. ജ്യോത്സ്ന കൂടെയുണ്ടായിരുന്നു. താന്‍ പാടുന്നത് കേട്ട് ജ്യോത്സന ഓടി വന്ന് അതേ പിച്ചില്‍ പാടി എന്നെ രക്ഷിച്ചു എന്നാണ് അഞ്ജു ജോസഫ് പറയുന്നത്. വരികള്‍ തെറ്റുമ്പോള്‍ കയ്യില്‍ നിന്നും ഇടാറുണ്ടെന്നും അഞ്ജു പറയുന്നു. ഹിന്ദി അറിയില്ല, അഥതിനാല്‍ ഇടയ്ക്ക് വാക്കുകളൊക്കെ കയ്യില്‍ നിന്നും ഇടാറുണ്ടെന്നാണ് അഞ്ജു പറയുന്നത്.
രസകരമായ അനുഭവങ്ങള്‍ മാത്രമല്ല വേദനിപ്പിക്കുന്ന ഓര്‍മ്മകളുമുണ്ട് അഞ്ജുവിന്. സ്‌റ്റേജ് പരിപാടികളില്‍ പാടി തുടങ്ങിയ കാലത്താണ് അത്തരം അനുഭവങ്ങളുണ്ടാകുന്നത്. പിച്ച് മാറ്റുന്നത് പോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അഞ്ജു പറയുന്നു. പരിപാടിയിലെ പ്രധാന പാട്ടുകാരിയായി വിളിക്കും. എന്നാല്‍ 20 പാട്ട് കഴിഞ്ഞിട്ടും വിളിക്കാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടാകുമ്പോള്‍ വിഷമം തോന്നുമെന്നും സ്‌റ്റേജിന് പുറകിലൊക്കെ പോയിരുന്ന് കരഞ്ഞിട്ടുണ്ടെന്നും അഞ്ജു തുറന്നു പറയുന്നു.
താന്‍ ക്ഷമയോട് കൂടിയാണ് ആളുകളോട് പെരുമാറാറുള്ളത്. തിരിച്ചും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാലത് കിട്ടാതെ വരുമ്പോള്‍ സങ്കടം വരുമെന്നാണ് അഞ്ജു പറയുന്നത്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ അഞ്ജു പിന്നീട് നിരവധി സിനിമകളില്‍ പാട്ടുപാടി. അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനേത്രിയാകുന്നത്. പിന്നീട് റോയ് എന്ന ചിത്രത്തിലും അഭിനയിച്ചു.