മോശമായ സ്പർശനം നേരിടേണ്ടി വന്നിട്ടുണ്ട് ; അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കാൻ പാടില്ല ; അഞ്ജലി നായർ

ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അഞ്ജലി നായര്‍. സംവിധായകനായ അജിത്തും മക്കളായ ആവണിയും അദ്വൈികയും അടങ്ങുന്നതാണ് അഞ്ജലിയുടെ കുടുംബം.. ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രത്തിൽ അഞ്ജലി ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം നേടിയതാണ് . വർഷങ്ങളായി സിനിമാ രം​ഗത്തുള്ള അഞ്ജലിക്ക് കരിയറിയിൽ എടുത്ത് പറയാൻ ഒരുപിടി സിനിമകളുണ്ട്. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരം അഞ്ജലി നായർക്ക് ലഭിച്ചു. അഞ്ജലി നായരുടെ അടുത്തിടെയിറങ്ങിയ തമിഴ് ചിത്രമാണ് ചിത്ത.

സിദ്ധാർത്ഥ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ബാലപീഡനത്തെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ച് സംസാരിക്കവെ അഞ്ജലി നായർ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മിക്ക സ്ത്രീകളെയും പോലെ വളർന്ന് വരുമ്പോൾ മോശമായ സ്പർശനം തനിക്ക് നേരെയും ഉണ്ടായിട്ടുണ്ടെന്ന് അഞ്ജലി തുറന്ന് പറഞ്ഞു.

ആരോടും ഇക്കാര്യം പറഞ്ഞില്ല. പരമാവധി ഒഴിഞ്ഞുമാറുക. ഒറ്റയ്ക്കാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. കൂട്ടത്തിൽ നിൽക്കാൻ ശ്രമിക്കണമെന്നും അഞ്ജലി നായർ അഭിപ്രായപ്പെട്ടു. അതേസമയം ആ സ്പർശനത്തിന് കാരണം തന്റെ തെറ്റാണെന്ന് കരുതുന്നെന്നും അഞ്ജലി പറയുന്നു.

ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നവരിൽ 90 ശതമാനവും അവരുടെ തെറ്റ് തന്നെയാണ്. അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കാൻ പാടില്ല. ഒരു സംശയം തോന്നിയാൽ അത്തരം സാഹ​ചര്യങ്ങളിൽ നിന്ന് മാറുക. അവരുടെ തെറ്റല്ലെങ്കിൽ അത് വിധിയാണ്. കാരണം ചിലപ്പോൾ അത്രയധികം വിശ്വസിച്ച അച്ഛനോ ചേട്ടനോ മകനോ ബന്ധുവോ ആയിരിക്കാം. അങ്ങനെയൊരു വ്യക്തിയിൽ നിന്നാണ് പറ്റുന്നതെങ്കിൽ അത് വിധിയാണെന്നും അഞ്ജലി നായർ പറഞ്ഞു.
കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും അഞ്ജലി സംസാരിച്ചു. അത്തരം അനുഭവങ്ങൾ തനിക്കില്ല. പക്ഷെ ഒന്ന് രണ്ട് പേർ താൽപര്യമുണ്ടോ, നായികയാക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ താൽപര്യമില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.

അല്ലാതെ അങ്ങനെയൊരു സാ​ഹചര്യത്തിലേക്ക് എത്തപ്പെട്ടിട്ടില്ലെന്നും അഞ്ജലി വ്യക്തമാക്കി. ‌സിനിമകളോ‌ട് നോ പറയുമ്പോൾ തനിക്കുള്ള പേടിയെക്കുറിച്ചും അഞ്ജലി സംസാരിച്ചു.ഇതേപോലുള്ള കഥാപാത്രങ്ങളാണ് ചെയ്തത്, ഇനിയൊന്ന് മാറി ചിന്തിച്ച് കൂടെ എന്ന് ചോദിച്ചാൽ അവൾ വലിയ ആളായി, ഇനി അവളെ വിളിക്കേണ്ട എന്ന സംസാരം വന്നാൽ അത് അടുത്ത ആളിലേക്ക് എത്തും. ഒരു ചെവിയിൽ നിന്ന് അടുത്ത ചെവിയിലേക്ക് പോകുമ്പോൾ കുറേക്കൂടി പോളിഷ് ആകും. അവസാനം അഞ്ജലി ഇനി സിനിമയേ ചെയ്യുന്നില്ല എന്ന സംസാരം വരും. അതിലും നല്ലത് വരുന്ന സിനിമകൾ ചെയ്യുന്നതാണെന്നും ന‌ടി വ്യക്തമാക്കി.

ഒരുപാട് ‌ടേക്കുകൾ പോയ ഒറ്റ സിനിമയേ തനിക്കുള്ളൂ. ആ സിനിമ പുറത്തിറങ്ങിയിട്ടുമില്ല. പുതിയൊരു സംവിധായകനായിരുന്നു. ഒരുപാട് സീനിയർ ആർട്ടിസ്റ്റുകളുള്ള സിനിമ. വലിയൊരു പാര​ഗ്രാഫ് ഡയലോ​ഗ് തന്നു. അത്രയും സീനിയർ ആർട്ടിസ്റ്റുകളെ നോക്കി പറയണം. ഡയലോ​ഗിൽ ചെറിയൊരു വ്യത്യാസം വരുത്തിയാൽ പിന്നെയും ടേക്ക് പോകും. എത്ര പറഞ്ഞിട്ടും ശരിയായില്ല. പ്രോംപ്റ്റിം​ഗും പാടില്ല. സമയം പാേയിക്കൊണ്ടിരുന്നു.

ഞാൻ കരയുന്നുണ്ട്. എങ്ങനെയോ അത് തീർത്തു. വൈകുന്നേരത്തോടടുത്തപ്പോഴാണ് സീൻ തീർത്തത്. സിനിമയിലെ എന്റെ ഏറ്റവും മോശം അനുഭവം അതാണ്. ഭയങ്കര സങ്കടം വന്നു. ബുദ്ധിമുട്ടുള്ള സീനുകൾ പല സിനിമകളിൽ വന്നെങ്കിലും അത്രയും ടേക്കുകൾ തനിക്ക് വന്നിട്ടില്ലെന്നും അഞ്ജലി നായർ വ്യക്തമാക്കി.

AJILI ANNAJOHN :