ഇതാ പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച കുറച്ചു ‘യമണ്ടൻ ‘ വിശേഷങ്ങൾ പങ്കുവച്ചു ദുൽഖർ സൽമാൻ

മലയാളത്തില്‍ മുന്‍പൊന്നും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ടീമിനെ ചേര്‍ത്തുവെച്ചാണ് ഒരു യമണ്ടന്‍ പ്രേമകഥ പ്രദര്‍ശനത്തിനെത്തുന്നത്. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി.നൗഫലാണ്. പെയിന്റര്‍ ലല്ലുവായി ദുല്‍ഖര്‍ സല്‍മാന്‍, പെണ്‍കുട്ടികളുടെ രക്ഷകന്‍ വിക്കിയായി സൗബിന്‍ ഷാഹിര്‍, മാരകമേസ്തിരി പാഞ്ചിക്കുട്ടന്റെ വേഷത്തില്‍ സലിംകുമാര്‍. ഒപ്പം ധര്‍മജനും ഹരീഷ് കണാരനും സുരാജ് വെഞ്ഞാറമൂടും വിഷ്ണു ഉണ്ണികൃഷ്ണനും കോമഡി ട്രാക്കില്‍ ഒരുമിക്കുന്നു

ഉടൻ തീയറ്ററിൽ ഏതാണ് പോകുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’യെപ്പറ്റി ഉള്ള വീക്ഷണം എങ്ങനെ ആണ് ?

വ്യക്തിപരമായി എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലെ ലല്ലു. തനി ലോക്കല്‍. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാരോടെല്ലാം വലിയ ചങ്ങാത്തം സൂക്ഷിക്കുന്ന യുവാവ്. ഹാസ്യത്തിന്റെ പകിട്ടില്‍ ശക്തമായൊരു പ്രണയകഥയാണ് സിനിമ പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് ഭംഗിയായി എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. കുടുംബസമേതം ഈ അവധിക്കാലത്ത് ചിരിച്ച് ആസ്വദിക്കാന്‍ വകനല്‍കുന്ന ഒരു യമണ്ടന്‍ വിരുന്നാകും ചിത്രം

ഒരു പുതിയ സംവിധായകൻ ആണല്ലോ . അപ്പോ ഈ ചിത്രം ഏറ്റെടുത്തു ചെയ്യാൻ കാരണമായത് എന്താണ് ?

കഥയും തിരക്കഥയും അണിയറയറപ്രവര്‍ത്തകരും ശക്തമാണ് എന്ന തിരിച്ചറിവുതന്നെയാണ് എന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്. ചെന്നൈയിലെ എന്റെ വീട്ടിലെത്തിയാണ് വിഷ്ണുവും ബിബിനും കഥപറഞ്ഞത്. ഓരോ കഥാപാത്രത്തിന്റെയും ശബ്ദത്തില്‍ തന്നെ അവരത് ഭംഗിയായി വിവരിക്കുകയായിരുന്നു. കോമഡിട്രാക്കിലാണെങ്കിലും പ്രണയവും വൈകാരികരംഗങ്ങളും പൊടിക്ക് ആക്ഷനുമെല്ലാമായി നല്ലൊരു എന്റര്‍ടെയ്നറിനുവേണ്ട ഘടകങ്ങളെല്ലാം കഥയിലുണ്ടായിരുന്നു.

വരാപ്പുഴയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. 74 ദിവസം ചിത്രീകരണത്തിനായി ചെലവിട്ടു. സലിംചേട്ടനും സൗബിനും വിഷ്ണുവുമെല്ലാം ചേര്‍ന്ന് നിറഞ്ഞ ചിരിയോടെയാണ് ഷൂട്ടിങ് മുന്നോട്ടുപോയത്. ഷോട്ട് റെഡിയെന്ന് പറയുമ്പോഴും പറഞ്ഞുതുടങ്ങിയ ചിരിക്കഥയുടെ ക്ലൈമാക്സ് ഭംഗിയാക്കാനുള്ള തിരക്കിലാകും പലപ്പോഴും സലിംചേട്ടന്‍. ഏറെ ആസ്വദിച്ചും അതിലേറെ ആഹ്ലാദിച്ചും അഭിനയിച്ച സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ.

ഈയിടെയായി മലയാളത്തിൽ നിന്ന് എന്തോ അകലം പാലിക്കുംപോലെ ?

മലയാളം വിട്ട് നമ്മള്‍ എവിടേക്ക് പോകാന്‍. മലയാളത്തില്‍ മാത്രമല്ല സിനിമയില്‍ത്തന്നെ എന്നെ കാണുന്നില്ലെന്നാണ് പലരും പറയുന്നത്. ഇഷ്ടം തോന്നുന്ന, സംതൃപ്തിനല്‍കുന്ന തിരക്കഥയ്ക്കൊപ്പം സഞ്ചരിക്കുകയെന്നതാണ് എന്റെ രീതി. അവിടെ ഭാഷനോക്കിയുള്ള തിരഞ്ഞെടുപ്പ് നടത്താറില്ല. അടുത്തകാലത്ത് ചെയ്ത രണ്ട് അന്യഭാഷാചിത്രങ്ങളും വലിയ കാന്‍വാസിലുള്ളതായിരുന്നു. അതിനുവേണ്ടി കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടിവന്നു. അതുകൊണ്ടുതന്നെയാണ് മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതും. ബോധപൂര്‍വം നമ്മുടെ ഭാഷയില്‍നിന്ന് മാറിനില്‍ക്കുന്നില്ല. ഇടവേളകള്‍ കുറയ്ക്കാന്‍ ശ്രമിക്കും. അടുത്ത മലയാളസിനിമയുടെ അനൗണ്‍സ്മെന്റ് വൈകാതെ ഉണ്ടാകും

കഥ പറയാൻ ഒരുപാട് പേരാണ് ദുൽഖറിനായി കാത്തിരിക്കുന്നത് .പക്ഷെ കണ്ടു കിട്ടാൻ ഇല്ല എന്ന പരാതി ആണല്ലോ ?

ഞാന്‍ നോക്കുമ്പോള്‍ എല്ലാവരുടെ കൈയിലും കഥയുണ്ട്. ഫ്ലൈറ്റില്‍ യാത്രചെയ്യുമ്പോള്‍, ഹോട്ടലിലും ബാങ്കുകളിലും ഇരിക്കുമ്പോള്‍ കണ്ടുമുട്ടുന്നവര്‍, കൂട്ടുകാര്‍വഴിയും ബന്ധുക്കള്‍ വഴിയും വരുന്ന പരിചയക്കാര്‍ അങ്ങനെ സംസാരിച്ചുതുടങ്ങുമ്പോഴേക്കും കഥപറയാന്‍ ഒരുങ്ങുന്ന ഒരുപാട് പേരുണ്ടാകും ചുറ്റും.

കഥപറയാന്‍ പലര്‍ക്കും എളുപ്പമാണ്. എന്നാല്‍, അത് കേട്ട് തിരഞ്ഞെടുക്കാനാണ് പ്രയാസം. ഒരുപാട് കഥകള്‍ കേട്ട് ചെയ്യാന്‍ പോകുന്ന സിനിമകളെ വരിവരിയായി നിര്‍ത്തുന്ന പതിവെനിക്കില്ല. പലപ്പോഴും എനിക്കുമുന്‍പില്‍ ഒന്നോ രണ്ടോ സിനിമകളേ ഉണ്ടാകൂ. ഒരു സിനിമ ചെയ്യണമെന്ന് കരുതുകയും രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷം ചിത്രീകരണം തുടങ്ങാമെന്ന് പറയുന്നതിലും കാര്യമില്ല, പലപ്പോഴും അപ്പോഴേക്കും വിഷയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടേക്കാം. ആവശ്യത്തിന് ചെയ്യാന്‍ സിനിമയുള്ളപ്പോള്‍ ഞാന്‍ പുതിയ കഥ കേള്‍ക്കാറേയില്ല.

ധാരാളം കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് .അതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?


തമാശയാക്കുന്നതും കളിയാക്കുന്നതും വിമര്‍ശിക്കുന്നതുമായി പലതരം കമന്റുകള്‍ വരാറുണ്ട്. അധികം തലകൊടുക്കാറില്ലെങ്കിലും ചിലതെല്ലാം ശ്രദ്ധയില്‍പെടാറുണ്ട്. ട്രോളുകള്‍ കണ്ട് ചിരിക്കാറുണ്ട്. എനിക്ക് വ്യക്തിപരമായി യാതൊരു പരിചയവുമില്ലാത്തവര്‍ എന്നെക്കുറിച്ച് മോശമായി പറഞ്ഞാല്‍ ഞാനതില്‍ പ്രയാസപ്പെടാറില്ല.

മമ്മൂക്കയും കുഞ്ഞിക്കയും ഇനി എന്നാണ് ഒന്നിക്കുക ?അങ്ങനെ ഒരു മാസ് ചിത്രം ഉണ്ടോ ?

ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല. എന്റെ മനസ്സില്‍ ഞാനിന്നും സിനിമയിലെ ഒരു ന്യൂകമറാണ്. വാപ്പച്ചി ചെയ്യുന്ന മധുരരാജ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല.

വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരു പാട് പേര്‍ ചോദിക്കുന്നുണ്ട്. മുന്‍പ് നല്‍കിയ അതേ ഉത്തരം. അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചര്‍ച്ചയില്‍പോലും വന്നിട്ടില്ല

an interview with dulquer salman

Abhishek G S :