ഇന്ത്യൻ സിനിമയുടെ സ്വന്തം ബിഗ് ബി; അമിതാഭ്ബച്ചന് ഇന്ന് എൺപതാം പിറന്നാൾ !

ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം അമിതാഭ് ബച്ചന് എൻപതാം പിറന്നാൾ.അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമ അടക്കിവാഴുകയാണ് ആരാധകരുടെ ‘ ബിഗ് ബി ‘ അമിതാഭ് ബച്ചൻ. വെല്ലുവിളികളെ എല്ലാം ചിരിച്ച മുഖവുമായി നേരിട്ട് ഇന്ത്യൻ സിനിമയിൽ ഇന്ന് തനിക്കായി ഒരിടം നേടാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമ, ടെലിവിഷൻ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിച്ചു.1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാരംഗത്തെത്തിയത്.

ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. എന്നാൽ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനായത് ‘രേഷ്മ ഓർ ഷേറ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് . 1997-ൽ അമിതാബ് ബച്ചൻ കലാപ്രവർത്തനങ്ങൾക്കായി എ ബി സി എൽ എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വൻ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. എന്നാൽ പരാജയത്തിൽ തളരാതെ വീണ്ടും അദ്ദേഹം നടത്തിയത് വലിയ ഒരു തിരിച്ച് വരവ് ആയിരുന്നു.

ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ബച്ചനെ ഇന്ന് കണക്കാക്കപ്പെടുന്നു. കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ഇന്ത്യൻ സർക്കാർ 1984 ൽ പദ്മശ്രീ, 2001 ൽ പത്മഭൂഷൺ, 2015 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന് പുറമെ 2007 ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി ആദരിച്ചു.

ഹിന്ദി കവിയായിരുന്ന ഡോ ഹരിവംശ്‌റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബർ 11-ന് ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു. നൈനിത്താൾ ഷെയർവുഡ് കോളേജിലും ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കൈറോറിമാൽ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കി.

നിരവധി താരങ്ങളാണ് ബച്ചന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും അദ്ദേഹത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. എൺപതാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ സിനിമയുടെ ബിഗ് ബിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇനിയും ഏറെ വർഷം ആരോഗ്യത്തോടെ ഞങ്ങളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് ത്രസിപ്പിക്കാൻ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

ഇപ്പോഴിതാ പിറന്നാൾ ദിനത്തിന് മുന്നോടിയായി ബിഗ് ബിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഊഞ്ചായി’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ അമിത് ശ്രീവാസ്തവ എന്ന കഥാപാത്രമായാണ് ബച്ചൻ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് സൂരജ് ബർജാത്യയാണ്. പരിനീതി ചോപ്ര, അനുപം ഖേർ, നീന ഗുപ്ത എന്നിവരടങ്ങുന്ന ശക്തമായ താരനിരയാണ് ഉഞ്ചായിയിലുള്ളത്. ചിത്രം നവംബർ 11 ന് തിയേറ്ററുകളിൽ എത്തും.

ഒക്‌ടോബർ 7 ന് തിയേറ്ററുകളിൽ പ്രദഹര്ഷണം ആരംഭിച്ച ‘ഗുഡ്‌ബൈ’ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ ഒടുവിലായി അഭിനയിച്ചത്. രശ്മിക മന്ദാനയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു ഈ ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘പ്രൊജക്ട് കെ’യാണ് മറ്റൊരു ചിത്രം. പ്രഭാസ്, ദീപിക പദുൺ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോക സിനിമ ആസ്വാദകരുടെ സ്വന്തം ബിഗ് ബിയ്ക്ക് ,മെട്രോ മാറ്റിനിയുടെ പിറന്നാളാശംസകൾ..

AJILI ANNAJOHN :