അനങ്ങാനോ നടക്കാനോ കഴിയില്ല; അമിതാഭ് ബച്ചന് പരിക്ക്

ഷൂട്ടിംഗിനിടെ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് പരിക്ക്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ തന്നെയാണ് ഈ വിവരം അദ്ദേഹത്തിന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ബച്ചന്‍ അവതാരകനാകുന്ന ‘കൗന്‍ ബനേഗ ക്രോര്‍പതി’ എന്ന പരിപാടിയുടെ സെറ്റില്‍ വച്ചാണ് താരത്തിന് പരിക്കേറ്റത്.

‘ഒരു ലോഹക്കഷണം എന്റെ ഇടതു കാലില്‍ കൊണ്ട് ഞരമ്പ് മുറിഞ്ഞു. അനിയന്ത്രിതമായി രക്തം വന്നു. കൃത്യസമയത്ത് സെറ്റിലെ ജീവനക്കാര്‍ ഇടപെട്ട്, പെട്ടന്നുതന്നെ ആശുപത്രിയില്‍ കൊണ്ടുപോയി, ഡോക്ടറെ കണ്ടു. സ്റ്റിച്ച് ഇടേണ്ടതായി വന്നു. അനങ്ങാനോ നടക്കാനോ ശ്രമിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്.’

‘കൗന്‍ ബനേഗ ക്രോര്‍പതിയുടെ ഒരു എപ്പിസോഡിന്റെ ഷൂട്ട് 34 മണിക്കൂര്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും’ എന്നാണ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പ്രിയ താരത്തിന് വേഗം സുഖമാകട്ടെ എന്ന കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അതേസമയം, ‘ഗുഡ്‌ബൈ’ ആണ് അമിതാഭ് ബച്ചന്റേതായി റിലീസ് ചെയ്ത ഒടുവില്‍ ചിത്രം. ‘ബ്രഹ്മാസ്ത്ര’യിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ഊഞ്ചൈ’ ആണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സൂരജ് ബര്‍ജാത്യ ഒരുക്കുന്ന സിനിമ നവംബര്‍ 11ന് തിയേറ്ററുകളിലെത്തും.

Vijayasree Vijayasree :