‘ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക’, അശ്വത്ഥാമാവായി എത്തി ഇന്ത്യന്‍ ടീമിന് സന്ദേശം നല്‍കി അമിതാഭ് ബച്ചന്‍

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. വരാനിരിക്കുന്ന ‘കല്‍ക്കി 2898 എഡി’യിലെ തന്റെ കഥാപാത്രമായ അശ്വത്ഥാമാവിന്റെ വേഷത്തിലെത്തിയാണ് ബച്ചന്‍ വീഡിയോ സന്ദേശം പങ്കുവച്ചത്.

നാഗ് അശ്വിന്‍ ചിത്രമായ ‘കല്‍ക്കി 2898 എഡി’യുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കിട്ടിട്ടുള്ളത്.

‘ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക’ എന്ന് അമിതാഭ് ബച്ചന്‍ പ്രഖ്യാപിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കൂടാതെ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം മുന്‍ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

സ്‌പോര്‍ട്‌സില്‍ അതീവ തല്‍പരനാണ് അമിതാഭ് ബച്ചന്‍. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ അദ്ദേഹം പലപ്പോഴും കാണാറുണ്ട്.

‘കല്‍ക്കി 2898 എഡി’ ജൂണ്‍ 27ന് തിയറ്ററുകളിലെത്തും. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് കല്‍ക്കി. വമ്പന്‍ ബജറ്റില്‍ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെന്നാണ് വിവരം.

Vijayasree Vijayasree :