ആരാധകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജൂനിയര്‍ എന്‍ടിആറിനും ആലിയക്കും പുരസ്‌കാരം അയച്ചുനല്‍കാന്‍ എച്ച്.സി.എ

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’. ഏറ്റവുമൊടുവിലായി ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരത്തിലും തിളങ്ങിയിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍.ആര്‍.ആര്‍ പുരസ്‌കാരം നേടിയത്.

രാജമൗലി, രാംചരണ്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നുവെങ്കിലും ജൂനിയര്‍ എന്‍.ടി.ആര്‍ ഉണ്ടായിരുന്നില്ല. ജൂനിയര്‍ എന്‍.ടി.ആറിനെ ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ ക്ഷണിച്ചില്ലെന്നാരോപിച്ച് താരത്തിന്റെ ചില ആരാധകര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ എച്ച്.സി.എ.യെ ടാഗ് ചെയ്തുകൊണ്ടാണ് ഇക്കൂട്ടര്‍ പ്രതിഷേധമറിയച്ചത്.

തൊട്ടുപിന്നാലെ വിശദീകരണവുമായി ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ രംഗത്ത് വന്നു. തങ്ങള്‍ ജൂനിയര്‍ എന്‍.ടി.ആറിനെ ക്ഷണിച്ചിരുന്നുവെന്നും പക്ഷേ അദ്ദേഹം ഇന്ത്യയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നുവെന്നും എച്ച്.സി.എ പറഞ്ഞു. അധികം വൈകാതെ ജൂനിയര്‍ എന്‍.ടി.ആര്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്റെ പ്രതികരണം.

ഒടുവില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്താതിരുന്ന ജൂനിയര്‍ എന്‍ടിആറിനും ആലിയ ഭട്ടിനും അവ അയച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍. ട്വിറ്ററിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

‘പ്രിയപ്പെട്ട ആര്‍ആര്‍ആര്‍ ആരാധകരെ, ജൂനിയര്‍ എന്‍ടിആറിനും ആലിയ ഭട്ടിനും സമര്‍പ്പിക്കുന്ന പുരസ്‌കാരങ്ങള്‍ ഇതാണ്. അടുത്ത ആഴ്ച ഇവ അയച്ചുകൊടുക്കും. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി, ‘ പുരസ്‌കാരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

അതേ സമയം, ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. നേരത്തെ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ ഗോള്‍ഡന്‍ ഗ്ലോബില്‍ ചിത്രം പുരസ്‌കാരം നേടിയിരുന്നു.

Vijayasree Vijayasree :