ഹൃദയഭേദകം, മനുഷ്യത്വ വിരുദ്ധം കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി; പ്രതികരണവുമായി അക്ഷയ് കുമാർ

സ്ഫോടക വസ്തുക്കൾ നിറച്ച പെെനാപ്പിൾ നൽകി ആനയെ കൊന്ന സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ ശ്രദ്ധ നേടുകയാണ് മെയ്‌ 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് സംഭവം. സ്ഫോടകത്തില്‍ നാക്കും വായും ഗുരുതരമായി പരിക്കേറ്റ കാട്ടാന ഏറെ ദിവസങ്ങള്‍ പട്ടിണി കിടന്നലഞ്ഞ ശേഷമാണ് ചെരിഞ്ഞത്.

ഇപ്പോഴിതാ സംഭവത്തില്‍ തനിക്കുള്ള നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കൊല ചെയ്യപ്പെട്ട ആനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അക്ഷയ് കുമാറിന്‍റെ ട്വീറ്റ്.

“മൃഗങ്ങളുടെ വന്യത കുറയുന്നതുകൊണ്ടും മനുഷ്യരുടെ മനുഷ്യത്വം കുറയുന്നതുകൊണ്ടുമാവാം. ആ ആനയ്ക്കുണ്ടായ ദുരനുഭവം ഹൃദയഭേദകമാണ്. മനുഷ്യത്വ വിരുദ്ധവും അസ്വീകാര്യവുമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചേ മതിയാവൂ. ഓരോ ജീവനും എണ്ണപ്പെട്ടതാണ്”, അക്ഷയ് കുമാര്‍ കുറിച്ചു.

ആനയുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിച്ച് നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണൻ ഒരു ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തുടർന്ന് ദേശീയ മാധ്യമങ്ങളിലടക്കം ഈ സംഭവം ശ്രദ്ധ നേടി.

Noora T Noora T :