യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഉമ്മന്‍ ചാണ്ടി സാര്‍ തന്നെ; ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നാലെ വൈറലായി അഖില്‍ മാരാരുടെ വാക്കുകള്‍

ആഘോഷ തിമിര്‍പ്പിലാണ് പുതുപ്പള്ളി. 36,454 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് ചാണ്ടി ഉമ്മന്‍ വിജയിച്ച് കയറിയത്. നിരവധി പേരാണ് ചാണ്ടിയ്ക്ക് അഭിനന്ദനങ്ങളുമായി രം?ഗത്തെത്തുന്നത്. ഈ അവസരത്തില്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം ചില ഓര്‍മപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. ഉമ്മന്‍ ചാണ്ടി സാറിനെക്കാള്‍ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ വിജയിച്ചു എന്ന് പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് അഖില്‍ പറയുന്നു.

അഖില്‍ മാരാരുടെ വാക്കുകള്‍

എന്റെ പ്രിയ സുഹൃത്തും പുതുപ്പള്ളിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അഭിനന്ദനങ്ങള്‍ക്കൊപ്പം ചില കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയിക്കുമ്പോള്‍ എപ്പോഴും വിജയത്തിന്റെ കാരണം നമ്മള്‍ മനസിലാക്കിയിരിക്കണം. ഉമ്മന്‍ ചാണ്ടി സാറിനെക്കാള്‍ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ വിജയിച്ചു എന്ന് പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയാണ്.

അദ്ദേഹത്തോടുള്ള ജനങ്ങളുടെ അതിയായ സ്‌നേഹമാണ് ഇവിടെ ചാണ്ടിയുടെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നായി മാറുന്നത്. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങളിലെ നന്മയാണ്. ഉമ്മന്‍ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിര്‍ത്തിട്ടുള്ള ഒരുപാട് ഇടതുപക്ഷ അനുഭാവികള്‍ ആയിട്ടുള്ളവര്‍ പോലും മനസുകൊണ്ട് അതില്‍ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മന് ഒരു പിന്തുണ കൊടുക്കാന്‍ ഒരുപക്ഷേ തയ്യാറായിട്ടുണ്ട് എന്നതാണ് മറ്റൊരു കാരണം.

ഇന്ന് താന്‍ വിജയിക്കാന്‍ കാരണമായ എല്ലാ കാര്യങ്ങളെയും കട്ട് ചെയ്താല്‍ മാത്രമെ അടുത്ത തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. ആ വിജയത്തിന്റെ മാറ്റ് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ. അതായത് ഇനി വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം. നിങ്ങളുടെ പ്രകടന മികവ് കൊണ്ടാണോ വിജയിക്കാനുള്ള കാരണമെന്ന് ചിന്തിക്കണം. എങ്കില്‍ മാത്രമെ നാളെയും നിങ്ങള്‍ക്ക് അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂ.

എതിരാളിയുടെ പരാജയമാകരുത് നമ്മുടെ നേട്ടവും അംഗീകാരങ്ങളും. ചെസ് കളിക്കുമ്പോള്‍ നമ്മുടെ നീക്കം കൊണ്ടാകണം എതിരാളിയെ പരാജയപ്പെടുത്തേണ്ടത്. അല്ലാതെ അവരുടെ മണ്ടത്തരം കൊണ്ടാകരുത്. അത് എപ്പോഴും നിങ്ങളുടെ മനസില്‍ ഉണ്ടാകണം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഈ വിജയം നിലനിര്‍ത്താന്‍ പരിശ്രമിക്കുക. എന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. നമ്മുടെ നാട് നന്നാകണമെങ്കില്‍ ക്രിയാത്മകമായ പ്രതിപക്ഷവും മികച്ചൊരു ഭരണപക്ഷവും ഉണ്ടാവണം.

Vijayasree Vijayasree :