മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങി, വെള്ളം സിനിമ കണ്ടതോടെ പേടിയായി; അജു വർ​ഗീസ്

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് അജു വാർ​ഗീസ്. ഇപ്പോഴിതാ തന്റെ മദ്യപാന ശീലത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തമാശയ്‌ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നതായാണ് നടൻ പറയുന്നത്.

മാനസിക സമ്മർദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങിയിരുന്നത്. മദ്യപാനം ഒരിക്കലും ശീലമായിരുന്നില്ല. എങ്ങനെയൊക്കെയോ വന്നു തുടങ്ങി. മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും പ്രയാസമുണ്ടാകാൻ തുടങ്ങി.

ആ സമയത്താണ് വെള്ളം സിനിമ കണ്ടത്. അതിലെ മുരളിയുടെ കഥാപാത്രത്തിലേയ്ക്ക് ഞാനും അധികം വൈകാതെ എത്തുമെന്ന് ഒരു തോന്നൽ ഉള്ളിലുണ്ടായി. അത് ഏറെ ഞെട്ടലും ഭയവും ഉണ്ടാക്കി. ആ ചിന്തയാണ് ഞാൻ മദ്യപാനം നിർത്താൻ ഇടയാക്കിയതെന്നും അജു വർ​ഗീസ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് അജു അഭിനയ രം​ഗത്തേയ്ക്ക് കടന്ന് വരുന്നത്. തട്ടത്തിൽ മറയത്ത്, കുഞ്ഞിരാമായണം ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ നടന് ജനപ്രീതി നേടാനായി. സഹനടനായും കോമേഡിയനായും കരിയർ ആരംഭിച്ച അജു ഇപ്പോൾ വില്ലൻ, നായകൻ തുടങ്ങി എല്ലാ റോളുകളിലും തിളങ്ങിയിട്ടുണ്ട്.

Vijayasree Vijayasree :