മോഹന്‍ലാലിന്റെ ദൃശ്യം 2 അല്ല ഹിന്ദിയിലേത്; ചിത്രത്തെ കുറിച്ച് പറഞ്ഞ് അജയ് ദേവ്ഗണ്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തി റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ദൃശ്യം 2 അല്ല ഹിന്ദിയിലേതെന്ന് പറയുകയാണ് ചിത്രത്തിലെ നായകന്‍ അജയ് ദേവ്ഗണ്‍. ഗോവയില്‍ നടന്ന ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയാണ് നടന്റെ പ്രതികരണം.

‘ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ ഈ പതിപ്പിലുണ്ട്. ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കമലേഷ് സാവന്ത് അവതരിപ്പിക്കുന്ന ഗൈതോണ്ടെയുടെ കഥാപാത്രത്തെ കാണാന്‍ പറ്റില്ല (മലയാളത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സഹദേവന്‍), ഒപ്പം അക്ഷയുടെ കഥാപാത്രവും നിങ്ങള്‍ കാണില്ല.

അതിനാല്‍, ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ സംവിധായകന്‍ പറഞ്ഞപോലെ സിനിമയുടെ സത്ത ചോരാതെ തന്നെ സൂക്ഷിച്ചിട്ടുണ്ട് എന്നും അജയ് ദേവഗണ്‍ പ്രതികരിച്ചു. ദൃശ്യം 2 മലയാളം, തെലുങ്ക് പതിപ്പുകള്‍ ഇറങ്ങി കഴിഞ്ഞു. അതിനാല്‍ അതില്‍ ഉള്‍പ്പെടാത്ത നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു തിരക്കഥ ഉണ്ടാക്കിയെടുക്കാന്‍ തന്നെ മാസങ്ങളോളം ചെലവഴിച്ചതായി സംവിധായകന്‍ അഭിഷേക് പഥക് പറഞ്ഞു.

നിഷികാന്ത് കാമത്താണ് 2015ലെ ദൃശ്യം സംവിധാനം ചെയ്തത്. ദൃശ്യം 2ല്‍ അജയ് ദേവ്ഗണിനെ കൂടാതെ തബു, ഇഷിത ദത്ത, അക്ഷയ് ഖന്ന, രജത് കപൂര്‍, ശ്രിയ ശരണ്‍ എന്നിവരും ഇതില്‍ അഭിനയിക്കുന്നു. നവംബര്‍ 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. തിങ്കളാഴ്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ പനാജിയില്‍ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവര്‍ അഭിനയിച്ച ദൃശ്യം 2 ന്റെ മലയാളം പതിപ്പ് 2021 ഫെബ്രുവരിയില്‍ ഒടിടി പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങിയത്.

Vijayasree Vijayasree :