ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് അഭിപ്രായങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ പരാതി പറഞ്ഞതിന്റെ പേരിൽ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടരുതെന്ന് പറയുകയാണ് ഐശ്വര്യ രാജേഷ്. നടിയുടെ വാക്കുകൾ ഇങ്ങനെ;
കഴിഞ്ഞ 12 വർഷമായി സിനിമയിലുണ്ട്. ഈ കാലത്തിനിടയിൽ ചുറ്റുമുള്ള ലോകത്തിൽ വന്ന പലവിധ മാറ്റങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഒരു നടിയെന്ന നിലയിൽ എന്റെ അഭിപ്രായത്തിൽ ആദ്യം പരിഹരിക്കപ്പെടേണ്ട പ്രശ്‌നം ഔട്ട്‌ഡോർ ചിത്രീകരണ സമയത്ത് സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമൊരുക്കുക എന്നതാണ്.
ഒരു നായികയെന്ന നിലയിൽ എനിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വാനിറ്റി വാൻ ലഭിച്ചേക്കും. എന്നാൽ കാരക്ടർ റോളുകൾ ചെയ്യുന്ന മറ്റ് സ്ത്രീകൾ എന്ത് ചെയ്യും? അവർ ശരിക്കും കഷ്ടപ്പെടും. ഒരുപാട് ദിവസങ്ങൾ നീളുന്ന ഔട്ട്‌ഡോർ ചിത്രീകരണമാണെങ്കിൽ അവർ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഈ പ്രശ്‌നം പരിഹരിക്കാൻ ഇൻഡസ്ട്രി വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്.
ഇത്തരം പ്രശ്‌നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇങ്ങനെയൊന്നും ഭാവിയിൽ സംഭവിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അത്തരം സംഭവങ്ങൾ നടക്കുന്നില്ലെന്ന് പറയാനാകില്ല. സഹായത്തിനോ പരിഹാരത്തിനോ പോകുന്ന സ്ത്രീകൾക്ക് ഒന്നും ലഭിക്കുന്നില്ലെങ്കിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിൽ അർത്ഥമില്ല.
പരാതിക്കാർക്ക് ആവശ്യമായ സഹായം നൽകുക എന്നത് അതീവ ഗൗരവമായ കാര്യമാണ്. പരാതി പറഞ്ഞതിന്റെ പേരിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങളോ തൊഴിലോ നഷ്ടപ്പെടരുത്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർ ശിക്ഷിക്കപ്പെടണം എന്നാണ് ഐശ്വര്യ പറയുന്നത്.
അതേസമയം, ഐശ്വര്യയുടെ ഫർഹാന എന്ന സിനിമയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ ശബ്ദമുയർത്തിയത്. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫർഹാന’.
മെയ് 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ പ്രതിഷേധങ്ങൾ ആരംഭിക്കുകയായിരുന്നു. അതേസമയം, ഫർഹാന ഒരു മതത്തിനും എതിരല്ലെന്ന് വ്യക്തമാക്കി സംവിധായകനും നിർമ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്.