മുംബൈയിലെ വസതിയില്‍ തെന്നി വീണു. കൈത്തണ്ടയ്ക്ക് പൊട്ടല്‍; ഐശ്വര്യ റായ്ക്ക് സംഭവിച്ചത്!

ബോളിവുഡിലെ ഐക്കോണിക് താരമാണ് ഐശ്വര്യ റായ്. ഒരു കാലത്ത് ബോളിവുഡിനെയും തെന്നിന്ത്യയെയും തന്ന ഇളക്കി മറിച്ച, യുവാക്കളുടെ മനസിനെ കവര്‍ന്നെടുത്ത നടി ഇന്ന് അമ്പതിന്റെ നിറവിലും നിരവധി പേരുടെ ആരാധകന പാത്രമാണ്. പക്ഷേ ഇന്ന് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുകയാണ് താരം. മിസ് വേള്‍ഡ് ആയതിന് പിന്നാലെയാണ് നടിയ്ക്ക് സിനിമയിലേക്കുള്ള പാത തുറന്ന് കിട്ടുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായി അറിയപ്പെടുന്ന ഇരുവറിലൂടെയാണ് ഐശ്വര്യ റായ് ആദ്യമായി സിനിമയിലെത്തുന്നത്. മണിരത്‌നത്തിനൊപ്പം നടി പിന്നെയും കൈകോര്‍ത്തിട്ടുണ്ട്. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍, ഗുരു, ജീന്‍സ്, പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2 തുടങ്ങിയ മണിരത്‌നം ചിത്രങ്ങളില്‍ ഐശ്വര്യ റായ് അഭിനയിച്ചു.

കര്‍ണാടകക്കാരിയായ ഐശ്വര്യ എപ്പോഴും തന്റെ തെന്നിന്ത്യന്‍ പാരമ്പര്യവും മൂല്യങ്ങളും ഉയര്‍ത്തി പിടിച്ചിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. സിനിമാ രംഗത്ത് ആരും കൊതിക്കുന്ന സ്ഥാനത്തേയ്ക്ക് എത്തിയപ്പോഴും കുടുംബ ജീവിതം വേണമെന്ന് തോന്നിയപ്പോള്‍ കരിയര്‍ മാറ്റി വെക്കാന്‍ ഐശ്വര്യ തയ്യാറായി. മകള്‍ ആരാധ്യ പിറന്ന ശേഷം ഐശ്വര്യയുടെ ലോകം മകളായി. പിന്നീട് വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.

അതേസമയം ഫാഷന്‍ വേദികളില്‍ ഐശ്വര്യ സാന്നിധ്യം അറിയിക്കുന്നുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പറ്റില്‍ മുടങ്ങാതെ താരം എത്തുന്നു. ഇത്തവണത്തെ വരവില്‍ ഏവരും ശ്രദ്ധിച്ചത് ഐശ്വര്യയുടെ കൈക്ക് പറ്റിയ പരിക്കാണ്. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയപ്പോഴും ഈ പരിക്ക് കാണാമായിരുന്നു. എന്തു പറ്റിയെന്ന ചോദ്യങ്ങള്‍ തുടരെ വന്നിരുന്നുവെങ്കിലും നടി പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മെയ് 11ന് ആയിരുന്നു ഐശ്വര്യക്ക് ഈ അപകടം സംഭവിച്ചത്. മുംബൈയിലെ വസതിയില്‍ തെന്നി വീണതോടെ കൈത്തണ്ടയ്ക്ക് പൊട്ടല്‍ സംഭവിക്കുകയായിരുന്നു. പൊട്ടലേറ്റ ഭാഗത്തെ നീര്‍ക്കെട്ട് കുറഞ്ഞതോടെയാണ് കാനില്‍ പങ്കെടുക്കാനായി ആരാധ്യയ്‌ക്കൊപ്പം ഐശ്വര്യ പറന്നത്. കാനില്‍ നിന്നും തിരിച്ചെത്തിയ ഐശ്വര്യയുടെ കൈയ്യിലെ വീക്കം കുറഞ്ഞതിന് ശേഷമാകും ശസ്ത്രക്രിയ നടത്തുക.

താന്‍ അംബാസിഡറായ ബ്രാന്റിന് വേണ്ടിയായിരുന്നു ഐശ്വര്യ കാനില്‍ എത്തുകയായിരുന്നു. റെഡ് കാര്‍പറ്റ് വേദി കംഫര്‍ട്ടബിളായിരിക്കണമെന്നും ആവശ്യത്തിന് സ്ഥലം വേണമെന്നും നടി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. താരം പ്രതിനിധാനം ചെയ്യുന്ന ബ്രാന്‍ഡ് ഇതിന് സമ്മതിച്ചെന്നാണ് പുറത്ത് വരുന്ന വിവരം.

പരിക്കുണ്ടായിട്ടും കാനില്‍ എത്താന്‍ തയ്യാറായ ഐശ്വര്യയെ ആരാധകര്‍ അഭിനന്ദിച്ചിരുന്നു. അതേസമയം ഇത്തവണ ഐശ്വര്യ കാനില്‍ ധരിച്ച വസ്ത്രങ്ങളോ മേക്കപ്പോ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മോശം ഡിസൈന്‍ എന്നാണ് ഏവരും പറയുന്നത്. പ്രത്യേകിച്ചും രണ്ടാമത്തെ ദിവസം ഐശ്വര്യ ധരിച്ച ഗൗണ്‍ ട്രോളുകള്‍ക്ക് കാരണമായി. കഴിഞ്ഞ വര്‍ഷവും ഇതേ സാഹചര്യം ആയിരുന്നു. അടുത്ത കാലത്തായി ഐശ്വര്യയുടെ ഫാഷന്‍ ചോയ്‌സുകളില്‍ പലരും നെറ്റി ചുളിക്കുന്നുണ്ട്. പഴയ ഐശ്വര്യയെ തിരിച്ച് കിട്ടണമെന്നാണ് ആരാധകര്‍ പറയുന്നത്.

വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വീഴ്ച പറ്റി. മാത്രമല്ല നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്. തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്ത് അവസാനം ഐശ്വര്യയെ കാണാന്‍ കൊള്ളില്ലാതെയായി. അവളുടെ മുഖമൊക്കെ തടിച്ച് വീര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ കണ്ടാല്‍ പ്രായമുള്ള ഒരു സ്ത്രീയെ പോലെ തോന്നും. മാത്രമല്ല ഐശ്വര്യയുടെ ഡിസൈനര്‍ ഒരിക്കലും ഈ ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

ഐശ്വര്യയുടെ പ്രായം 50കളില്‍ എത്തി. എന്നിട്ടും ഒരു ദേവതയെപ്പോലെ പോസ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇതിലും കൂടുതല്‍ വേണമെന്ന് പറയുന്നത് ശരിയാണോന്നാണ് ചിലരുടെ ചോദ്യം. അതേസമയം ലോകസുന്ദരിയായി ഇന്നും അറിയപ്പെടുന്ന ഐശ്വര്യക്ക് ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദവും ചെറുതല്ല. പ്രായമാകുന്നതും മുഖത്ത് മാറ്റങ്ങള്‍ വരുന്നതും സ്വാഭാവികമാണെന്ന് ഐശ്വര്യയെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

Vijayasree Vijayasree :