നായകന്റെ കൂടെ എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു ; ആവശ്യമുള്ളത് ചോദിച്ച് വാങ്ങണം ; ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നടി മലയാളികൾക്ക് സമ്മാനിച്ചത്. പൂങ്കുഴലി എന്ന കഥാപാത്രത്തിലൂടെ തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് ഐശ്വര്യയ്ക്ക് ഒത്തിരി പ്രശംസകള്‍ നേടി കൊടുത്തത്. മായാനദിയിലെ അപ്പുവിന് ശേഷം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ സ്‌നേഹം നല്‍കിയ വേഷം ഇതാണെന്നാണ് നടി പറയുന്നതും.

ഒരു കഥാപാത്രത്തിന്റെ പേരില്‍ നമുക്ക് പരിചയമില്ലാത്ത ആളുകള്‍ വന്ന് സ്‌നേഹം കാണിക്കുന്നതാണ് ഏറ്റവും വലിയ സമ്പാദ്യം. അതില്‍ കൂടുതലൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഐശ്വര്യ പറയുന്നത്. എന്നാല്‍ നടന്മാരുടെ പേരിനൊപ്പം നായികയുടെ പേര് കൂടി വെക്കാന്‍ ചിലര്‍ മടി കാണിക്കാറുണ്ടെന്നും അങ്ങനൊരു അനുഭവം തനിക്ക് തന്നെ ഉണ്ടായെന്നും അഭിമുഖത്തില്‍ ഐശു പറഞ്ഞു.

ഞാനിപ്പോള്‍ ഒരു പ്രശ്‌നം ഉണ്ടാക്കാനായിട്ട് ഇങ്ങനെ പറയുന്നതല്ലെന്ന് പറഞ്ഞാണ് ഐശ്വര്യ സംസാരിച്ച് തുടങ്ങിയത്. എന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണ്. എനിക്ക് ആകെ കൂടി കിട്ടിയിരിക്കുന്ന ഗുണം എന്റെ ആദ്യ സിനിമയില്‍ നിവിന്‍ പോളിയുടെ നായിക എന്ന അഡ്രസിലാണ് ഞാന്‍ വരുന്നത്.

മായാനദി വന്നപ്പോള്‍ എന്റെ അഡ്രസ് മാറി. മൊത്തത്തില്‍ അപ്പുവായി. ആഷിക് അബുവിന്റെ നായികയുമായി. പിന്നെ കാര്യങ്ങള്‍ എളുപ്പമായിരുന്നെങ്കിലും എനിക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അടുത്ത സിനിമ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. നല്ല സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് വേണ്ടി പറയാന്‍ ഞാന്‍ മാത്രമേയുള്ളു.

ചില സമയത്ത് നമുക്ക് ആവശ്യമുള്ളത് ചോദിച്ച് വാങ്ങാന്‍ യാതൊരു മടിയും തോന്നരുതെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു പുരുഷന് എളുപ്പത്തില്‍ ലഭിക്കുന്ന കാര്യങ്ങളുണ്ട്. ഉദാഹരണം പറയുകയാണെങ്കില്‍ കുമാരി എന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മി ഇന്‍ കുമാരി എന്ന് വെച്ചത് അവര്‍ക്ക് കുറച്ചൂടി അറിയാവുന്നത് കൊണ്ടാണ്. പക്ഷേ പലപ്പോഴും ഇതുപോലെ എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.നായകന്റെ കൂടെ എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് ഞാനും അറിഞ്ഞിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ നമ്മള്‍ ചോദിച്ച് വാങ്ങിക്കണമെന്ന് തന്നെയാണ് ഐശ്വര്യ പറയുന്നത്. ഇത്രയും കഴിവുള്ള ഒരു താരത്തെ ഉപയോഗിക്കാന്‍ നമ്മുടെ ഇന്‍ഡസ്ട്രിയ്ക്ക് സാധിച്ചിട്ടില്ലെങ്കില്‍ അത് നമുക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്നും ഐശ്വര്യ പറയുന്നു.

ഐശ്വര്യ ലക്ഷ്മിയ്‌ക്കൊപ്പം നടി സുരഭി ലക്ഷ്മിയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.സിനിമയിലുള്ള ഒരോ സ്ത്രീകള്‍ക്കും അവരവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പറയാനുള്ളതെന്ന് സുരഭിയും സൂചിപ്പിച്ചു. എന്റെ യാത്രയായിരിക്കില്ല, ഐശ്വര്യക്ക് ഉണ്ടായിട്ടുള്ളത്. ഐഷുവിന്റെ പ്രശ്‌നം അവള്‍ക്ക് വളരെ വലുതാണ്. ഞാനത് അഭിമുഖീകരിക്കാന്‍ എത്തിയിട്ടില്ല. പലര്‍ക്കും പല രീതിയിലാണ് സ്ട്രഗിള്‍ ഉണ്ടാവുന്നത്. സിനിമയിലെ തുടക്കം വളരെ പ്രധാനപ്പെട്ടതാണ്.

AJILI ANNAJOHN :