അടൂരിന്റേത് പ്രതിഷേധ രാജിയെങ്കില്‍ അതിനുള്ള കാരണം കാണുന്നില്ല; അടൂര്‍ പറഞ്ഞവയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ രാജിയില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. അടൂരിന്റേത് പ്രതിഷേധ രാജിയെങ്കില്‍ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലെടുക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂര്‍ പറഞ്ഞവയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയില്‍ വൈദഗ്ധ്യം ഉള്ളവര്‍ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ സമരം തുടങ്ങിയ അന്ന് മുതല്‍ സര്‍ക്കാര്‍ ഇടപെട്ടത് വസ്തുനിഷ്ഠമായിട്ടാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സഹകരിക്കാന്‍ ഡയറക്ടര്‍ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടാമത് രണ്ട് വിദഗ്ധരെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചു.

റിപ്പോര്‍ട്ടിന്‍മേലുള്ള കാര്യങ്ങള്‍ മനസിലാക്കിവരും മുന്‍പെയാണ് ശങ്കര്‍ മോഹന്റെ രാജി. സര്‍ക്കാര്‍ ആരോടും ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അടൂര്‍ കേരളത്തിന്റെ അഭിമാനമാണ്. സെന്‍സിറ്റീവായ വിഷയത്തില്‍ അവധാനതയോടെ മാത്രമെ ഇടപെടാവു എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി,

ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കര്‍ മോഹന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അടൂര്‍, വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തിയറിയിച്ചു. ”ശങ്കര്‍ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കര്‍ മോഹനെതിരായ ആരോപങ്ങങ്ങളെല്ലാം തള്ളി അടൂര്‍ വിശദീകരിച്ചു.

Vijayasree Vijayasree :