‘അടൂരിന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തില്‍’; അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സംവിധായകനും കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ എത്തിച്ചു. അതിപ്രശസ്തമായ സാഹിത്യകൃതികള്‍ക്ക് ദൃശ്യ ഭാഷ നല്‍കിയത് അടൂരിന്റെ വലിയ സംഭാവനയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി വാര്‍ഷികാഘോഷ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘അടൂര്‍ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലായിരിക്കും. അതിനാലാണ് മലയാള സിനിമയെ സ്വയംവരത്തിന് മുന്‍പും സ്വയംവരത്തിന് ശേഷവും എന്ന് വിഭജിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡായി അടൂര്‍ ഗോപാലകൃഷ്ണന്‍ മാറി.

അതിപ്രശസ്തമായ സാഹിത്യകൃതികള്‍ക്ക് ദൃശ്യ ഭാഷ നല്‍കിയത് അടൂരിന്റെ വലിയ സംഭാവനയാണ്. പുത്തന്‍ സിനിമ സങ്കല്പത്തിന് നിലനില്‍പ്പ് നേടികൊടുക്കുകയാണ് അടൂര്‍ ചെയ്തത്’, എന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി പുരസ്‌കാരം അടൂരിന് മുഖ്യമന്ത്രി സമ്മാനിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജാതി വിവേചനത്തെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ അടൂരിന് പരസ്യ പിന്തുണയുമായി സിപിഐഎം നേതാവ് എം എ ബേബി എത്തിയിരുന്നു. അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷ്‌കാണെന്നും നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണെന്നാണ് എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാരേയും വിദ്യാര്‍ത്ഥികളേയും കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. സ്ഥാപനത്തിലെ വനിത ജീവനക്കാര്‍ പറഞ്ഞതെല്ലാം കളവ് ആണ്. നേരത്തെ അഭിമുഖങ്ങളൊന്നും നല്‍കാന്‍ കഴിയാത്തവരെ ട്രെയ്‌നിങ് നല്‍കി സംസാരിപ്പിച്ചത് ആണ്.

ഇപ്പോള്‍ ശുചീകരണത്തൊഴിലാളികള്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങളെ പോലെ നന്നായി ഉടുത്തൊരുങ്ങിയാണ് വരുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളേയും അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ല. വിദ്യാര്‍ത്ഥികള്‍ ആരെയാണ് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

ഫ്രീഡത്തെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണ്. ഉള്ള സമയം ഏറ്റവും കൂടുതല്‍ സിനിമയെ കുറിച്ച് പഠിച്ച്, സിനിമ കണ്ട്, സ്വപ്നം കണ്ട് ജീവിക്കണം. എന്റെ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിക്കാന്‍ വന്നതാണ് എന്ന ധാരണയുണ്ടെങ്കിലേ ശരിയാവുകയുള്ളൂ. ഇവരോടൊക്കെ പുച്ഛമുള്ളൊരുത്തന്‍ ഇവിടെ പഠിക്കാന്‍ വരരുത്. അവര്‍ എത്രയും വേഗം പിരിഞ്ഞുപോവണമെന്നും അടൂര്‍ പറഞ്ഞു.


Vijayasree Vijayasree :