നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ നിമിഷയിൽ നിന്നുമുണ്ടായി. സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നിമിഷയെ തേടിയെത്തിയിരുന്നു.

തമിഴിൽ മികച്ച വേഷങ്ങളാണ് നടിയെത്തേടിയെത്തിയത്. ഒടുവിൽ നടിയുടേതായി പുറത്തെത്തിയ ചിത്രമാണ് ഡി.എൻ.എ. ചിത്ത, ജിഗർതാണ്ട ഡബ്ബിൾ എക്‌സ് എന്നീ സിനിമകളിലൂടെ തമിഴിൽ തുടർച്ചയായി ഹിറ്റ് നേടിയിരുന്നു. നടൻ അഥർവ മുരളിയും നിമിഷ സജയനും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ നിമിഷയെക്കുറിച്ച് അഥർവ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഞാൻ നിമിഷയുടെ അടുത്ത് ഒരുപാട് തവണ ചോദിച്ച ഒരു കാര്യം ഉണ്ട്. നായാട്ട് എന്ന സിനിമയെക്കുറിച്ചായിരുന്നു അത്. ഞാൻ ആ സിനിമ കണ്ടിട്ട് നിമിഷയുടെ അടുത്ത് എന്തുകൊണ്ടാണ് ആ സിനിമ അവർ തിരഞ്ഞെടുത്തത് എന്നും അതുപോലെ എങ്ങനെയാണ് ആ സിനിമയെ അപ്രോച്ച് ചെയ്തതെന്നും ചോദിച്ചിരുന്നു.സെറ്റിൽ വച്ച് ഞങ്ങൾ പെട്ടെന്ന് കമ്പനിയായി.

ആദ്യത്തെ ദിവസം തന്നെ ഞാനും നിമിഷയും ഫ്രണ്ട്‌സായി. നല്ല കംഫർട്ടബിളായിരുന്നു. അതുപോലെ നിമിഷ വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ആളാണ്. അങ്ങനെ നമ്മൾ സംസാരിക്കുമ്പോഴാണ് ഞാൻ എങ്ങനെയാണ് കഥാപാത്രത്തിനെ അപ്രോച്ച് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചത്. ഒരു അഭിനേതാവെന്ന നിലയിൽ കഥാപാത്രത്തിന് വേണ്ടി അവർ ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ലെന്ന് എനിക്കപ്പോഴാണ് മനസിലായത്.

ഉദാഹരണമായി ഞാനും നെൽസൺ സാറും നിമിഷയും അവിടെ നിൽക്കുന്നുണ്ടാകും. നെൽസൺ സാർ സീൻ വിശദീകരിക്കുകയായിരിക്കും. നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും. പക്ഷേ സാർ പറയുന്നതൊക്കെ കേൾക്കുന്നുണ്ടാകും. കേട്ട് തലയാട്ടുന്നുണ്ടാകും. എല്ലാം കഴിഞ്ഞിട്ട് എന്നെയോ നെൽസൺ സാറിനെയോ നോക്കി ഒന്ന് ചിരിക്കും. നിമിഷ ആക്ഷൻ പറയുന്നതിന്റെ തൊട്ട് മുമ്പ് വരെ ചിരിച്ച് നല്ല ജോളിയായിട്ടായിരിക്കും. ആക്ഷൻ പറഞ്ഞയുടനെ ട്രാൻസ്‌ഫോം ആകും. ട്രാൻസ്‌ഫോമായിട്ട് ആ ടേക്കിൽ എന്താണ് വരുന്നത് അത് പോലെ ചെയ്യും എന്നും അഥർവ പറയുന്നു.

ആതിഷ വിനോയ്ക്കൊപ്പം തിരക്കഥയെഴുതി നെൽസൺ വെങ്കിടേശൻ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഡി.എൻ.എ. ഒളിമ്പിയ മൂവീസ് നിർമിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നിമിഷ സജയനും അഥർവക്കും പുറമെ മുഹമ്മദ് സീഷൻ അയ്യൂബ്, ബാലാജി ശക്തിവേൽ, രമേഷ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ, ഋത്വിക, സുബ്രഹ്‌മണ്യം ശിവ, കരുണാകരൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തിയത്.

Vijayasree Vijayasree :