തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയർ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്. എന്നാൽ ആദ്യ സിനിമ പരാജയപ്പെട്ടതോടെ തമന്ന തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. പിന്നീട് അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കേറിയ, താരമൂല്യമുള്ള നടിയായി മാറാൻ തമന്നയ്ക്ക് സാധിച്ചു.
ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധിച്ച തമന്ന തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. തമന്നയുടെ ഓൺ സ്‌ക്രീൻ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീൻ ജീവിതവും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നടിയുടേതായി പുറത്തെത്തുന്ന വാർത്തയാണ് വൈറലാകുന്നത്.
നടി തമന്ന വിവാഹിതയാകുന്നുവെന്നാണ് പുതിയ വിവരം. വിവാഹ തീയതിയടക്കം താരം ഉടൻ പുറത്തുവിട്ടേക്കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വിജയ് വർമയാണ് വരൻ. 2025ൽ ഇരുവരും വിവാഹിതരായേക്കുമെന്നാണ് വിവരം. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ഇരുവരും വിവാഹ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. വിവാഹശേഷം താമസിക്കാനായി മുംബൈയിൽ ഇരുവരും ആഢംബര അപ്പാർട്ടമെൻറ് വാങ്ങാനൊരുങ്ങുന്നതായും വിവരങ്ങളുണ്ട്.
ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ശേഷം തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി വിജയ് വെളിപ്പെടുത്തിയത് യുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ‘ലസ്റ്റ് സ്റ്റോറീസ് 2’ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്.
ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. അതിൽ മറച്ചുവയ്ക്കാൻ എന്താണ് ഉള്ളത്? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കിൽ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാൻ കഴിയില്ല. കൂട്ടുകാർക്കൊപ്പം പോയാൽ… അവരോടൊപ്പം ഞങ്ങൾ ഒന്നിച്ചുള്ള ഫോട്ടോ എടുക്കാൻ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് താൽപര്യമില്ല.
നമ്മുടെ സമൂഹം മറ്റുള്ളവർ എന്തുചെയ്യുന്നു, അവരുടെ ജീവിതം എങ്ങനെയാണ് എന്നതിലാണ് ശ്രദ്ധിക്കുന്നത്. എല്ലായിടത്തും ഒരു ‘പരദൂഷണ അമ്മായി’ ഉണ്ടെന്ന് ചുരുക്കം. അവർക്ക് എല്ലാവരുടെയും ബന്ധങ്ങൾ കണ്ടുപിടിക്കലും പ്രചരിപ്പിക്കലുമാണ് പണി. ഒരുതരം രോഗമായി ഇത് പടരുകയാണ്.
നമുക്ക് ഒന്നും ചെയ്യാനില്ല. എന്ത് പറഞ്ഞാലും ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. എൻറെ ജോലി ഞാൻ നന്നായി ചെയ്യുന്നു. അത് പ്രശംസിക്കപ്പെടുന്നു. ജോലിയാണ് ഏറ്റവും പ്രധാനം. അത് ഭംഗിയായി തന്നെ കൊണ്ടുപോകുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്ന ചർച്ചകളെയല്ല’ എന്നാണ് വിജയ് വർമ പറഞ്ഞത്.
ഒരാൾ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാൾക്ക് ആരോടെങ്കിലും ആകർഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാൽ അത് തീർച്ചയായും കൂടുതൽ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവർ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.
വളരെ ഓർഗാനിക്കായാണ് എനിക്ക് അദ്ദേഹത്തോട് ആത്മബന്ധം തോന്നിയത് എന്നാണ് തമന്ന പറഞ്ഞത്. അതേസമയം, ഗോവയിലെ പുതുവത്സര ആഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതിന് പിന്നാലെയാണ് തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മിലുള്ള ഡേറ്റിംഗ് കിംവദന്തികൾ പ്രചരിച്ചു തുടങ്ങിയത്.