‘സിനിമയിൽ മഹാ നടി’ എന്നാൽ ജീവിതം നരകമായി; നടി സാവിത്രിയെ കുറിച്ച് മകൾ

സിനിമയിൽ ഒരു ഉയർച്ച ഉണ്ടെങ്കിൽ അതുപോലെ ഒരു വീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പായിരുന്നു ഒരു കാലത്ത് തെന്നിന്ത്യയിലെ പകരം വെക്കാൻ ഇല്ലാത്ത നടി ആയിരുന്ന സാവിത്രിയുടെ ജീവിതം.കീർത്തി സുരേഷ് അഭിനയിച്ച മഹാ നടി എന്ന ചിത്രത്തിൽ അത് വരച്ചു കാട്ടുന്നുണ്ട്. ജെമിനി ​ഗണേശനുമായുള്ള വിവാഹ ജീവിതത്തിൽ വന്ന താളപ്പിഴവുകളാണ് സാവിത്രിയെ മാനസികമായി തകർത്തത്. വാശിയും നിരാശയും നിറഞ്ഞ നാളുകളിൽ സാവിത്രി മദ്യത്തിൽ അഭയം തേടി. മദ്യപാനം കൂടിയതോടെ സാവിത്രിയുടെ സിനിമാ ലോകത്തെ പ്രതിച്ഛായ മങ്ങി. ഇതിനിടെ ശരീരഭാരവും കൂടി. പഴയ സൗന്ദര്യം നഷ്ടപ്പെട്ട സാവിത്രിക്ക് അവസരങ്ങൾ കുറഞ്ഞു. ഇതിനിടെ നടിയുടെ സമ്പാദ്യങ്ങളും ഇല്ലാതായി.സൂപ്പർഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച, അസാമാന്യ പ്രതിഭയായ സാവിത്രിയുടെ വീഴ്ച ഏവരെയും വിഷമിപ്പിച്ചു.

ആരോ​ഗ്യം മോശമായ സാവിത്രി 19 മാസം കോമയിൽ കിടന്ന ശേഷമാണ് ലോകത്തോട് വിട പറഞ്ഞത്. ജെമിനി ​ഗണേശനിൽ രണ്ട് മക്കളാണ് സാവിത്രിക്ക് ജനിച്ചത്. സതീഷ് കുമാർ ​ഗണേശൻ, വിജയ ചാമുണ്ഡേശ്വരി എന്നിവരാണ് മക്കൾ. സാവിത്രിയെക്കുറച്ച് മുമ്പൊരിക്കൽ മകൾ വിജയ ചാമുണ്ഡേശ്വരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.മദ്യപാനം അമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരുന്നെന്ന് വിജയ ചാമുണ്ഡേശ്വരി തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ അച്ഛൻ ജെമിനി ​ഗണേശനല്ല അമ്മയെ മദ്യപിക്കാൻ ശീലിപ്പിച്ചതെന്നും മകൾ വ്യക്തമാക്കി. രണ്ട് പേരും വലിയ താരങ്ങളാണ്. സിനിമാ രം​ഗത്ത് പാർട്ടികളൊക്കെ സാധാരണയാണ്. സോഷ്യൽ ഡ്രിങ്കിലൂടെയാണ് മദ്യപാനം ശീലമായത്.

അമ്മ അച്ഛന്റെ കാര്യത്തിൽ വളരെ പൊസസീവ് ആയിരുന്നെന്നും വിജയ തുറന്ന് പറഞ്ഞു. തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും വിജയ പങ്കുവെച്ചു.പതിമൂന്ന് വയസായിരുന്നു അന്നെനിക്ക്. വീട്ടിൽ ആരും ഉത്തരവാദിത്തം കാണിക്കുന്നില്ല. ആളുകൾ അവർക്ക് വേണ്ടത് എടുത്ത് പോകുന്നു. അമ്മ ഇങ്ങനെ കുടിച്ചിരുന്നാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് ഞാൻ വളരെ ഇമോഷണലായി. മദ്യപാനം നിർത്താൻ പറഞ്ഞിട്ട് നിർത്തിയില്ല. ഒരു പെട്ടിയിൽ മുഴുവനായി മദ്യക്കുപ്പികളുണ്ടായിരുന്നു. അവ ഓരോന്നായി തകർത്തു. അമ്മയിൽ നിന്നും നല്ല പോലെ കിട്ടി.നല്ല കാലത്ത് അമ്മ നിരവധി പേരെ സഹായിച്ചിട്ടുണ്ടെന്നും വിജയ ഓർത്തു. 1981 ഡിസംബർ 26 നാണ് സാവിത്രി മരിച്ചത്. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. സാവിത്രിയെ അവതരിപ്പിച്ച കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

Aiswarya Kishore :