ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിൽ വരെ നിരവധി ആരാധകരുള്ള നടിയാണ് രാധിക ആപ്‌തെ. ബോളിവുഡിന് പുറമെ, മലയാളത്തിലും തമിഴിലുമെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നിറ വയറുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബുധനാഴ്ച ബി.എഫ്.ഐ. ലണ്ടൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയപ്പോഴാണ് താരം ഗർഭിണിയാണെന്ന വിവരം ആരാധകർ അറിഞ്ഞത്. സിസ്റ്റർ മിഡ്‌നൈറ്റ് എന്ന തന്റെ ചിത്രത്തിന്റെ യുകെ പ്രീമിയറിന് എത്തിയതായിരുന്നു താരം. ഫിലം ഫെസ്റ്റിവൽ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ രാധിക ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവെച്ചിട്ടുണ്ട്.
കറുപ്പ് നിറത്തിലുള്ള ഓഫ്-ഷോൾഡർ മിഡി ഡ്രസ്സ് ധരിച്ചാണ് രാധിക എത്തിയത്. ഗർഭിണിയാണെന്ന വിവരം പുറത്തെത്തിയതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നത്.
2012ലാണ് രാധിക ആപ്‌തെ ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബെനഡിക്ട് ടെയ്‌ലറിനെ വിവാഹം കഴിക്കുന്നത്. 2011ൽ രാധിക ലണ്ടനിലെ ഒരു ഡാൻസ് സബാറ്റിക്കലിനായി എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് 2013ൽ ഔദ്യോഗിക വിവാഹ ചടങ്ങ് നടത്തി.
അതേസമയം, മെറി ക്രിസ്മസിലാണ് രാധിക അവസാനമായി അഭിനയിച്ചത്. കത്രീന കൈഫ്, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തിയത്. വൈആർഎഫ് എന്റർട്ടെയിൻമെന്റ് നിർമിച്ച് നവാഗതനായ ധർമ്മരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന റിവഞ്ച് ത്രില്ലർ സീരീസായ അക്കയിലും താരം അഭിനയിക്കുന്നുണ്ട്.