തെലുങ്ക് സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഭീഷണി; നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി പായല്‍ രജ്പുത്

രക്ഷണ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി പായല്‍ രജ്പുത്. തനിക്ക് ബാക്കി തരാനുള്ള പ്രതിഫലം തരാതെയാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നതെന്ന് പായല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെ ആരോപിച്ചു.

ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെങ്കില്‍ തെലുങ്ക് സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഭീഷണിയുള്ളതായും പായല്‍ ആരോപിക്കുന്നു.

തനിയ്ക്ക് നേരിട്ട അനീതിയ്‌ക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. 5 ഡബ്ല്യൂസ് എന്ന പേരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ വൈകിയിരുന്നു. എന്നാല്‍ തരാനുള്ള പ്രതിഫലം തന്നുതീര്‍ക്കാതെയാണ് സിനിമ റിലീസിന് തയ്യാറെടുക്കുന്നതെന്നും പായല്‍ പറയുന്നു.

തനിക്ക് തരാനുള്ള പ്രതിഫലം നഷ്ടപരിഹാരത്തോടെ തന്നാല്‍ പ്രമോഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികളുമായി സഹകരിക്കാമെന്ന്് അറിയിച്ച് ചര്‍ച്ചയ്ക്ക് തന്റെ ടീം തയ്യാറായെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒപ്പം അവര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും പായല്‍ ആരോപിച്ചു.

ഇത് അംഗീകരിക്കാനാവില്ല. സമീപകാലത്ത് നടന്ന ചില മീറ്റിംഗുകളില്‍ അവര്‍ തനിക്കെതിരെ വളരെ മോശം ഭാഷയാണ് ഉപയോഗിച്ചതെന്നും പായല്‍ പറയുന്നു. തനിക്ക് കുടിശ്ശികയുള്ള പ്രതിഫലം തരാതെ സിനിമ റിലീസിന് ഒരുങ്ങുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പായല്‍ പറഞ്ഞു.

Vijayasree Vijayasree :