സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. മലയാള സിനിമകളുടെ ഒടിടി സാധ്യതയെക്കുറിച്ച് ചലച്ചിത്ര മേഖലയെ ബോധ്യപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു അത്.
ഇപ്പോഴിതാ, ചിത്രം റിലീസ് ആയതിന് പിന്നാലെ തനിക്ക് നേരിട്ട കടുത്ത സൈബർ ആക്രമണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നിമിഷ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്.
സിനിമ റീലിസായതിന് പിന്നാലെ തനിക്ക് നിരന്തരം മോശം മെസ്സേജുകൾ വരുമായിരുന്നുവെന്ന് നിമിഷ പറഞ്ഞു. സിനിമയെ പ്രശംസിച്ച് നിരവധി പേർ മെസേജ് അയച്ചിരുന്നു. എന്നാൽ, അതിനൊപ്പം ചേച്ചി കുറച്ച് ഫോർപ്ലേ എടുക്കട്ടെ എന്ന് ഒരു കൂട്ടം ആണുങ്ങൾ മെസേജ് അയച്ചിരുന്നു. അവർ സിനിമ സംസാരിക്കുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കാതെയാണ് മെസേജ് അയച്ചിരുന്നതെന്നും അവർ പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് ആയപ്പോൾ ഒരുപാട് നല്ല മെസേജുകൾ വന്നിരുന്നു. തനിക്ക് അപ്പോൾ തോന്നിയത്, ഇത്രയും നല്ല സിനിമ വന്നിട്ടും ഇവർക്ക് പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ലേ എന്നതായിരുന്നു. അവരുടെ വിചാരമെന്താണ്? താൻ ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നത് നിർത്തുമെന്നാണോ.
താൻ ഇനിയും ഇത്തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യും. പിന്നെ ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ ഒരുപാട് വരും. അതിലേക്കൊന്നും താൻ തന്റെ എനർജി കളയാറില്ലെന്നും നിമിഷ പറയുന്നു.