പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിലൂടെ നടിയെ അപമാനിച്ച സംഭവത്തിൽ സിനിമ സെറ്റിലെ മുൻ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. കൊച്ചി സൈബർ പോലീസ് ആണ് പാലക്കാട് അഗളി സ്വദേശി പടിഞ്ഞാറേക്കരയിൽ വീട്ടിൽ ശ്രീജിത്ത് രവീന്ദ്രനെ (28) പിടികൂടിയത്.
നടിയുടെ പരാതിയിലാണ് അറസ്റ്റ്. സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മാളവിക നേരത്തെ രംഗത്തെത്തിയിരുന്നു. ലൈസൻസുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കിൽ നന്നായിരിക്കുമെന്നാണ് താരം പറഞ്ഞത്.
പ്രതി പൂവൻ കോഴി എന്ന ഫേസ്ബുക് അക്കൗണ്ട് വഴി നടിയുടെ ഫോട്ടോ അശ്ളീല തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്യുകയും, കേസിൽ മറ്റൊരു പ്രതിയായ ശ്യാം നടിയ്ക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ അ ശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. സിനിമയിലെ തിരക്കഥാകൃത്താണെന്നാണ് പ്രതി സ്വയം അവകാശപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രമുഖ സിനിമാ നടിമാരുടെ ഫോട്ടൊ പ്രൊഫൈൽ പിക്ച്ചറുകളായി ഉപയോഗിച്ച് ഫെയ്സ് ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പ്രതി ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ നടിമാരെന്ന വ്യാജേന ചാറ്റ് ചെയ്യുന്നതിനിടെ വീഡിയോ കോളിൽ സംസാരിക്കാൻ അവസരമൊരുക്കാമെന്ന് ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
ഇത്തരത്തിൽ പണം തട്ടിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴി വീഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പോതുജനങ്ങൾക്കിടയിൽ കലഹമുണ്ടാക്കിയതിന് അഗളി സ്റ്റേഷനിലും കോങ്ങാട് സ്റ്റേഷനിലും ശ്രീജിത്ത് രവീന്ദ്രനെതിരെ കേസുകൾ നിലവിലുണ്ട്.