സിനിമയിലായിരുന്നപ്പോൾ 20 മണിക്കൂറോളം വർക്ക് ചെയ്തിട്ടുണ്ട്, വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ നേരമില്ലായിരുന്നു, ഇപ്പോൾ അങ്ങനെയല്ല; വീണ്ടും വൈറലായി മാധവിയുടെ വാക്കുകൾ

ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവൻ കരയിച്ച നായികയാണ് നടി മാധവി. താരത്തിന്റെ പേര് കേൾക്കുമ്പോൾ ആകാശദൂതും അതിലെ ഇമോഷണൽ രംഗങ്ങളും പാട്ടുകളുമാണ് മലയാളിക്ക് ഓർമ വരിക. വടക്കൻവീരഗാഥയിൽ ഉണ്ണിയാർച്ചയായി പകർന്നാടിയും പ്രേക്ഷകരെ അമ്പരപ്പിച്ച നടിയാണ് മാധവി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡിലും അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള മാധവി മലയാളി അല്ലെന്നത് പലർക്കും അറിയാത്ത കാര്യമാണ്.

ഇന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്ത് കുടുംബ ജീവിതം നയിക്കുകയാണ് മാധവി. 1996ൽ ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ റാൾഫ് ശർമ്മയെയാണ് മാധവി വിവാഹം ചെയ്തത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും മാധവി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

എന്റേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. മാതാപിതാക്കളും എന്റെ ​ആത്മീയ ​ഗുരു സ്വാമി രാമയും ചേർന്നാണ് അദ്ദേഹത്തെ എനിക്ക് വേണ്ടി കണ്ടെത്തിയത്. അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. തീർത്തും അപരിചിതനായിരുന്നു. വിവാഹ ശേഷമാണ് ഞാനദ്ദേഹത്തെ അറിഞ്ഞത്. മൂന്ന് മക്കളാണ് ഞങ്ങൾക്കുള്ളത്. ഭാര്യ, അമ്മ എന്നീ നിലകളിൽ തിരക്കിലാണ് ഞാനിപ്പോൾ.

ബിസിനസിന്റെ കാര്യങ്ങളുമുണ്ട്. ഭർത്താവിന്റെ കമ്പനിയിൽ ജോയിൻ ചെയ്തു. കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ഞാൻ. സമാധാനപരമായ ജീവിതം നയിക്കുകയാണിപ്പോൾ. സിനിമയിലായിരുന്നപ്പോൾ 20 മണിക്കൂറോളം വർക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്തു. പല ഭാഷകളിൽ പല കഥാപാത്രങ്ങൾ. ഒരുപാട് ആളുകളുമായി ഇടപഴകി. വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ നേരമില്ലായിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല. തിരക്ക് പിടിച്ച ജീവിതമല്ല. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് എവിടെയും പോകേണ്ടതില്ല. ബിസിനസ് വ്യത്യസ്തമാണ്. യാത്രകളുണ്ട്. പുതിയ ആളുകളെ കാണുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനാകുന്നുവെന്നും മാധവി അന്ന് പറഞ്ഞിരുന്നു. ആന്ധ്രപ്രദേശിലാണ് മാധവി ജനിച്ച് വളർന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളിൽ മാധവി അഭിനയിച്ചിട്ടുണ്ട്.

കരിയറിൽ മലയാള ചിത്രം ആകാശ ദൂതാണ് ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. 1993 ൽ പുറത്തിറങ്ങിയ ആകാശദൂതിൽ ആനി എന്ന കഥാപാത്രത്തെയാണ് മാധവി അവതരിപ്പിച്ചത്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ച മാധവി 1976ൽ പുറത്തിറങ്ങിയ തൂർപു പഡമര എന്ന തെലുങ്ക് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചു.

പിന്നീട് സംവിധായകൻ കെ.ബാലചന്ദറിന്റെ മനോചരിത്ര എന്ന തെലുങ്ക് ചിത്രത്തിൽ സഹനടിയുടെ വേഷത്തിൽ മാധവി എത്തി. 1981ൽ ഈ ചിത്രം എക് ദൂജെ കേലിയെ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു. മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

പതിനഞ്ചാം വയസ് മുതൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്ന മാധവിയുടെ മാൻ മിഴികൾക്കായിരുന്നു ആരാധകർ ഏറെയും. തെന്നിന്ത്യൻ താരങ്ങൾക്ക് അന്യമായിരുന്ന ഹിന്ദി സിനിമ ലോകത്ത് ശ്രീദേവിക്കുശേഷം അക്കാലത്ത് ആഘോഷിക്കപ്പെട്ട ഒരു സൗത്ത് ഇന്ത്യൻ നടി കൂടിയായിരുന്നു മാധവി.

ഏതുതരം റോളിലും മികച്ച പ്രകടനമായിരുന്നു മാധവിയുടേത്. പ്രണയവും സങ്കടങ്ങളും നിരാശയും സന്തോഷവും കോപവും എല്ലാം വളരെ നന്നായി പ്രതിഫലിപ്പിക്കാൻ മാധവിക്ക് കഴിഞ്ഞു. മലയാളത്തിൽ ആണെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു മാധവിയുടെ കഥാപാത്രങ്ങളെല്ലാം. ഇന്നും നടിയ്ക്ക് ആരാധകരുണ്ട്.

Vijayasree Vijayasree :