മോഹൻലാലിന്റെ സിനിമയിൽ നായികയെന്ന് പറഞ്ഞ് വിളിച്ചു, അവസാനം കിട്ടിയത് ഒരു പാട്ട് മാത്രം; വെളിപ്പെടുത്തലുമായി ലെന

മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ലെന. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. തിരിച്ചുവരവിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താൻ ലെനയ്ക്ക് സാധിച്ചു. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലും ലെന വളരെ സജീവമായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടി കരിയറിന്റെ തുടക്കത്തിൽ തനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത് ഏറെ വൈറലാകുകയാണ്. രണ്ടാം ഭാവം കഴിഞ്ഞ് ഇമ്മീഡിയറ്റായി ചെയ്ത സിനിമയായിരുന്നു ദേവദൂതൻ. നായിക ഞാനാണെന്നായിരുന്നു ആദ്യം പറഞ്ഞത്.

രണ്ടാം ഭാവത്തിൽ നായികയായതുകൊണ്ട് ഇനിയങ്ങോട്ട് നായികയായി ചെയ്താൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ലാൽ സാറും സിബി സാറും ഒന്നിക്കുന്ന പടമെന്ന് കണ്ടപ്പോൾ പിന്നെ വേറൊന്നും നോക്കിയില്ല. ഊട്ടിയിലായിരുന്നു ദേവദൂതന്റെ ഷൂട്ട്. ആദ്യത്തെ സ്‌ക്രിപ്റ്റ് അനുസരിച്ച് ജയപ്രദ ചെറിയൊരു ഗസ്റ്റ് റോളിൽ വരുന്നുണ്ടായിരുന്നു.

ഒരു ദിവസം അവരുടെ പോർഷൻ ചെയ്യാൻ ജയപ്രദയെത്തി. അന്ന് ഷെഡ്യൂൾ പാക്കപ്പെന്ന് പറഞ്ഞു. വേറെ എങ്ങോട്ടും പോകാനില്ലാത്തതുകൊണ്ട് ഊട്ടിയിൽ തന്നെ കറങ്ങി നടന്നു. ഷെഡ്യൂൾ അവസാനിച്ചപ്പോൾ സ്‌ക്രിപ്റ്റ് മൊത്തം തിരുത്തിയിരുന്നു. ഗസ്റ്റ് റോളിലെത്തിയ ജയപ്രദയുടെ ക്യാരക്ടർ വലുതാക്കി. അവരുടെ നീസിനെ നായികയാക്കി. എനിക്ക് അവസാനം ‘പൂവേ പൂവേ പാലപ്പൂവേ’ പാട്ട് മാത്രം കിട്ടി,’ എന്നും ലെന പറഞ്ഞു.

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ലെന. 2004 ജനുവരി 16ന് മലയാള സിനിമയിലെ സ്‌ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ആ ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു.

Vijayasree Vijayasree :