ചിലർ ആ സീനുകൾ കണ്ട് കണ്ണ് പൊത്തിയപ്പോൾ ചിലർക്ക് തന്നോട് ക്രഷ് ആയി, ആ രംഗങ്ങൾ അനായാസം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഹണിക്കാണ്; തുറന്ന് പറഞ്ഞ് ലക്ഷ്മി മഞ്ചു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ സിനിമയായിരുന്നു മോണ്‍സ്റ്റര്‍. ഹണി റോസിന്റെയും ലക്ഷ്മി മഞ്ചുവിന്റെയും ലെസ്ബിയന്‍ പ്രണയവും ഇന്റിമേറ്റ് രംഗങ്ങളും അടങ്ങുന്നതായിരുന്നു സിനിമ. ഹണി റോസിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു

ഇപ്പോഴിതാ, ഹണിറോസുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് അത്ര എളുപ്പമല്ലായിരുന്നില്ല എന്ന് പറയുകയാണ് ലക്ഷ്മി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി

തീർത്തും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആ രംഗങ്ങൾക്ക് ലഭിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. ‘നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയുന്നു? എന്നായിരുന്നു ചിലരുടെ പ്രതികരണം, ചിലർ ആ സീനുകൾ കണ്ട് കണ്ണ് പൊത്തിയപ്പോൾ ചിലർക്ക് തന്നോട് ക്രഷ് ആയെന്നും ലക്ഷ്മി പറയുന്നു. എല്ലാ അഭിപ്രായങ്ങളും താൻ കേട്ടെന്നും നടി പറഞ്ഞു. നടിമാരോടോ നടന്മാരോടോ ഒപ്പം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ല. എന്നാൽ മോൺസ്റ്ററിലെ സീനുകൾ ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. ‘എന്റെ ദൈവമേ!’ എന്നായിരുന്നു ആദ്യ ചിന്ത. കഥയുടെ ഉദ്ദേശം നല്ലതായത് കൊണ്ടാണ് സ്വയം വിശ്വസിച്ച് ആ സീനുകൾ ചെയ്യാൻ സാധിച്ചത്.

‘ഈ കഥാപാത്രങ്ങൾ വെറും രണ്ട് കൊലയാളികൾ മാത്രമായിരുന്നെങ്കിൽ ഞാൻ ഈ സിനിമ വേണ്ടെന്ന് പറയുമായിരുന്നു. അതിന് ചാൾസ് ഷോബ്‌രാജിന്റെ ഒരു തരം ഫീൽ ഉണ്ടായിരുന്നെങ്കിൽ പോയി പണി നോക്കാൻ ഞാൻ പറയുമായിരുന്നു. പക്ഷേ മോൺസ്റ്ററിൽ, ആത്മാർത്ഥമായ ഒരു കാരണത്താലാണ് ആ ഇന്റിമേറ്റ് സീനുകൾ വന്നത്. അവർ പ്രണയത്തിലായിരുന്നു, അവരുടെ കുട്ടിക്കാലം മുതലുള്ള ശുദ്ധവും നിഷ്കളങ്കവും യഥാർത്ഥവുമായ സ്നേഹമായിരുന്നു അത്. ആരും മോൺസ്റ്ററായി ജനിക്കുന്നില്ല. സമൂഹമാണ് അവരെ അങ്ങനെ ആകുന്നത്,’ ലക്ഷ്മി പറഞ്ഞു.

ആ രംഗങ്ങൾ അനായാസം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഹണിക്കാണെന്നും ലക്ഷ്മി പറഞ്ഞു. ഇതുവരെ സ്ത്രീകൾ തമ്മിലെ പ്രണയവും അടുപ്പവും ഒന്നും കാണിക്കാത്ത മലയാള സിനിമയിൽ മോൺസ്റ്റർ പുതിയൊരു മാതൃക സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നതായും നടി പറഞ്ഞു. കമൽ ഹാസൻ സിനിമകളിൽ മുതൽ നിരവധി സിനിമകളിൽ സ്വർഗാനുരാഗം കടന്നുവന്നിട്ടുണ്ടെങ്കിലും രണ്ടു സ്ത്രീകൾ ഇന്റിമേറ്റ് ആയി വരുന്ന രംഗങ്ങൾ മുൻപ് കണ്ടിട്ടില്ല എന്നത് മാത്രമാണ് വെത്യാസമെന്നും ലക്ഷ്മി മഞ്ചു പറഞ്ഞു.

നേരത്തെ ഹോളിവുഡ് സിനിമയിൽ ബൈസെക്ഷ്വൽ കഥാപാത്രത്തെ അവതരിപ്പിച്ച സാമന്തയെ അഭിനന്ദിച്ച് ലക്ഷ്മി രംഗത്ത് എത്തിയിരുന്നു. ‘ ഇതുപോലൊരു സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതയാണ്. ഇതുപോലൊരു വിഷയം ഒരു സിനിമയിലൂടെ പറയാൻ കഴിയുന്നത് വളരെ ഹൃദയസ്പർശിയാണെന്നും, ലക്ഷ്‌മി പറയുന്നു.

ആൺ പെൺ ബന്ധങ്ങൾ പോലും നോർമലൈസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന സമൂഹത്തിൽ സ്വവർഗരതി നോർമലൈസ് ചെയ്യുക എന്നത് ഒരു വലിയ പോരാട്ടമാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇത് ഇത്ര വലിയ കാര്യമാക്കുന്നതെന്ന് എനിക്കറിയില്ല. രണ്ട് പൂക്കളുടെയോ മരത്തിന്റെയോ മറപറ്റിയുള്ള പ്രണയങ്ങളിൽ നിന്ന് ചുംബിക്കാൻ കഴിയുന്നത് വരെ നമ്മൾ എത്തിയിട്ടുണ്ട്! ഈ അതിരുകൾ എല്ലാം മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളെയും എന്നെയും പോലുള്ള ആളുകൾ ഇതിനെക്കുറിച്ച് ഉറക്കെ സംസാരിക്കണം,’ ലക്ഷ്‌മി മഞ്ചു പറഞ്ഞു.

Noora T Noora T :