23 വര്‍ഷം മുമ്പ് വന്ന രോഗാവസ്ഥ വീണ്ടും…’ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോകുന്നു; തന്റെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ താന്‍ ശബ്ദ വിശ്രമത്തിലാണെന്ന് പറയുകയാണ് താരം.

23 വര്‍ഷത്തിന് മുമ്പ് സമാനമായ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോയിരുന്നതായും നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ജോളിയുടെ കുറിപ്പ് ഇങ്ങനെ;

പ്രിയ കൂട്ടുകാരെ,

’23 വര്‍ഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്‌മെന്റിന് ശേഷം മാറിയ വോക്കല്‍ കോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കല്‍ കോഡില്‍ നോഡ്യൂള്‍ സ്‌ഫോം ചെയ്യുന്നു.’

‘ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം. മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റന്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്.’

‘വീട്ടില്‍ വൈഫൈ കണക്റ്റഡ് ആയതിനാല്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് മെസന്‍ജര്‍/വാട്ട്‌സ്പ്പ് വഴി ബന്ധപ്പെടാം’

സ്‌നേഹം -എന്നാണ് ജോളി ചിറയത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

2017 ലാണ് ജോളി സിനിമാ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ജോളി മടിക്കാറില്ല. പ്രതിഫലം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജോളി ചിറയത്ത് നേരത്തെ സംസാരിച്ചിട്ടുണ്ട്. അടുത്തിടെയാണ് ജോളി ചിറയത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത്. നിന്ന് കത്തുന്ന കടലുകള്‍ എന്നാണ് ആത്മകഥയുടെ പേര്.

ഭര്‍ത്താവുമായുള്ള വിവാഹമോചനം, വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍, പ്രണയങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ജോളി ചിറയത്ത് തന്റെ ആത്മകഥയില്‍ സംസാരിക്കുന്നുണ്ട്. പുലിമട എന്ന സിനിമയിലാണ് ജോളി ചിറയത്തിനെ അടുത്തിടെ പ്രേക്ഷകര്‍ കണ്ടത്. ജോജു ജോര്‍ജ്, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷം ചെയ്തത്.

Vijayasree Vijayasree :