തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്തുവെന്ന നടി കാദംബരി ജെത്വാനിയുടെ പരാതിയിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ആന്ധ്രാപ്രദേശ് സർക്കാർ. പിഎസ്ആർ ആഞ്ജനേലുയു,ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാൽ ഗുന്നി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സിനിമ നിർമ്മാതാവിന്റെ വ്യാജ പരാതിയിൽ തന്നെയും കുടുബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചു എന്നാണ് നടി പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് വ്യാജരേഖ നിർമ്മിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു നടിക്കെതിരായ പരാതി.
എന്നാൽ ഈ പരാതി താൻ നിർമ്മാതാവിനെതിരെ മുംബൈയിൽ നൽകിയ പരാതിയുടെ പ്രതികാര നടപടിയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് നടി ആരോപിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് കാദംബരിക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ജനുവരി 31ന് തന്നെ നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്ന് സംസ്ഥാന ഇന്റലിജന്റസ് മേധാവിയായിരുന്ന പിഎസ്ആർ ആഞ്ജനേലുയു, കാന്തി ടാണ ടാറ്റയ്ക്കും വിശാൽ ഗുന്നിക്കും നിർദേശം നൽകിയതിനെ തുടർന്നായിരുന്നു ഈ നടപടി. ആഞ്ജനേയുലു തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നുമുണ്ട്.
മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം കൃത്യമായ അന്വേഷമില്ലാതെ നടപടി സ്വീകരിച്ചെന്നാണ് അന്ന് വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റയുടെ സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. വിശാൽ ഗുന്നി നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പരാതി വിശദമായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.