യുവനടിയോട് മോശമായി പെരുമാറിയ സംഭവം; പ്രതിയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; അറസ്റ്റ് തടയണമെന്നുള്ള ആവശ്യം തള്ളി കോടതി

എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികന്‍ അപര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന പ്രതി സി ആര്‍ ആന്റോയുടെ ആവശ്യം തള്ളി കോടതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. ജാമ്യമില്ല വകുപ്പുകളാണെന്ന് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് കോടിയെ അറിയിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കേസില്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആര്‍ ആന്റോയില്‍ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി പൊലീസിനെ സമീപിച്ചത്. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു.

മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം നടന്നത്. നടിയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ എയര്‍ ഇന്ത്യയോട് പൊലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ വിമാന ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പൊലീസ് നോട്ടീസ് നല്‍കും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. വിമാനത്തില്‍ പരാതി നല്‍കിയെങ്കിലും സീറ്റ് മാറ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം പൊലീസിന് പരാതി നല്‍കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

Vijayasree Vijayasree :