സ്‌കൂള്‍ മാസ്റ്ററെന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറിയ താരമാണ് നടി വിധുബാല. പ്രേംനസീറിനൊപ്പം ടാക്‌സി കാറിലൂടെയായിരുന്നു താരം നായികയായത്.. 1979ല്‍ താരം അഭിനയം നിര്‍ത്തിയിരുന്നു. കഥയല്ലിത് ജീവിതം എന്ന പരപാടിയിലൂടെയാണ് വിധുബാല വീണ്ടും പ്രേക്ഷക പ്രശംസ നേടിയത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ തറവാടിനെ കുറിച്ചും ജനിച്ച സ്ഥലത്തെ കുറിച്ചുമൊക്കെ പറയുകയാണ് വിധുബാല. ഇന്നും ഭാഗം വെക്കാത്ത തറവാട്ടില്‍ മൂവായിരത്തിലധികം അംഗങ്ങളുണ്ടെന്നു നടി പറയുന്നു.
‘പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് ജനനം. അമ്പാട്ട്ചിറയ്ക്കല്‍ എന്ന തറവാടാണ് ഞങ്ങളുടേത്. ഒരുപാട് പ്രമുഖര്‍ അവിടെ നിന്നും വന്നിട്ടുണ്ട്. അതില്‍ ആദ്യത്തെ ആള്‍ ഗായിക പി ലീലയാണ്. ഞങ്ങള്‍ അടുത്ത വീട്ടുകാരാണ്. കുട്ടിക്കാലത്ത് അവരുടെ മടിയില്‍ കിടന്ന് വളര്‍ന്ന ആളാണ് ഞാന്‍. ചിറ്റൂരില്‍ ഞങ്ങളുടെ തറവാട് അറിയാത്തവര്‍ ഉണ്ടാവില്ല.
നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാമച്ചന്‍ എന്ന ഒരാള്‍ ചിറ്റൂരില്‍ ഒരുപാട് സ്ഥലം വാങ്ങി കൃഷി തുടങ്ങി. ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ മൂവായിരം പേരെങ്കിലും കാണും. ഞങ്ങള്‍ക്കൊരു തറവാടുണ്ട്. ഇരുപത് കിടപ്പുമുറികളുള്ള തറവാട് വീടാണ്. ആ വീട് ഇപ്പോഴും ഭാഗം വെച്ചിട്ടില്ല. രാമച്ചന്‍ എഴുതി വെച്ചത് പ്രകാരം ആര്‍ക്കും അത് ഭാഗം വെക്കാന്‍ അവകാശമില്ല. അമ്പാട്ട് ചിറയ്ക്കലിലെ ആര്‍ക്കും റോഡില്‍ കിടന്ന് മരിക്കേണ്ടി വരില്ല. ഏത് സാഹചര്യത്തിലും അവിടെ കേറി കിടക്കാം.
ഞങ്ങള്‍ക്കായി ശ്മാശാനം വരെയുണ്ട്. ഇപ്പോഴും അതൊരു ഗ്രാമമായി നില്‍ക്കുന്നു എന്ന പ്രത്യേകതയുണ്ട്. നെല്‍കൃഷിയാണ് കൂടുതലായും ചെയ്യുന്നത്. ഞാന്‍ ജനിച്ചതും അഞ്ച് വയസ് വരെ ജീവിച്ചതും ചിറ്റൂരിലായിരുന്നു. എന്റെ മുത്തശ്ശിയുടെ അമ്മയുടെ കുടുംബത്തിലാണ് തമിഴിലെ മുന്‍നടന്‍ എംജി ആര്‍ ജനിച്ചത്’,. ‘പി ലീലയുടെ വീടിന്റെ അവിടെ ആടിനെ ബലി കൊടുക്കുന്ന രീതി ഉണ്ടായിരുന്നു. അന്ന് ചടങ്ങിന്റെ ഭാഗമായി ചെയ്തിരുന്നതാണ്. ഒരു ദിവസം ഞാനിത് വീട്ടിലെ ജനലിലൂടെ കണ്ടു. ആടിന്റെ കഴുത്ത് മുറിക്കുന്നത് കണ്ടതും ഞാന്‍ ബോധംകെട്ട് വീണു. അന്ന് മുതല്‍ അത്തരം കാര്യങ്ങളോടുള്ള പേടി എന്റെയുള്ളില്‍ വന്നു. പിന്നീട് ആട്ടിറച്ചി ഞാന്‍ കഴിക്കാതെ വന്നതിന്റെ കാരണവും അതാണെന്ന്’, വിധുബാല പറയുന്നു.
മാതാപിതാക്കളുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ കഥയാണ് നടി പങ്കുവെച്ചത്. ‘എന്റെ അമ്മ ജനിച്ചപ്പോള്‍ അമ്മായിയും എന്റെ അച്ഛനും കുട്ടിയെ കാണാന്‍ ആ വീട്ടില്‍ പോയി. അന്ന് അച്ഛന് പതിമൂന്ന് വയസുണ്ട്. ഈ കുട്ടിയെ ഞാന്‍ കല്യാണം കഴിച്ചോളാമെന്ന് അച്ഛന്‍ പറഞ്ഞുവത്രേ. ആ വാക്ക് അച്ഛന്‍ പാലിച്ചു. പിന്നീട് അവര്‍ വിവാഹിതരായി. രണ്ട് മക്കളുണ്ടായി. മൂത്തമകനായി മധു അമ്പാട്ട്, പിന്നെ ഞാനും’,. ‘അച്ഛന്‍ ജോലി ചെയ്തിരുന്നത് ഈറോഡ് ആയിരുന്നത് കൊണ്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് വന്നു. അവിടെ അച്ഛന്‍ ലെക്ചറര്‍ ആയിരുന്നു. അന്ന് കുറേ കുട്ടികള്‍ ട്യൂഷന്‍ എടുക്കാനായി അച്ഛന്റെ അടുത്ത് വരും. അവരില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് പേരുണ്ട്. അതിലൊരാളാണ് രവിയേട്ടന്‍. അന്ന് സൈക്കിളില്‍ ഇരുത്തി രവിയേട്ടന്‍ എന്നെ സ്‌കൂളിലേക്ക് കൊണ്ട് പോകും. സ്‌കൂള്‍ എത്തുന്നതിന് മുന്‍പ് ഒരു ഇറക്കമുണ്ട്. അവിടെ വെച്ചിട്ട് ഫുള്‍ സ്പീഡില്‍ വന്നിട്ട് കാലങ്ങ് മാറ്റും. അതേ സ്പീഡില്‍ താഴേക്ക് പോകും. അതെനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അപകടത്തില്‍പ്പെട്ട് അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടി കളഞ്ഞുവെന്ന് ഞാന്‍ അറിഞ്ഞു. ഇപ്പോള്‍ അദ്ദേഹം ഉണ്ടോന്ന് പോലും അറിയില്ല. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷകരമായ നാളുകള്‍ ഉണ്ടായത് ഈറോഡിലാണെന്നും’, വിധുബാല പറയുന്നു.