തിരക്കുകളില്‍ ഒറ്റപ്പെടല്‍ വേദന മറക്കാന്‍ ശ്രമിച്ചു, മൗനം കൊണ്ട് ആ മറുപടി നൽകി, വിവാഹ മോചനത്തിന് പിന്നിലെ കാരണം, രണ്ടാം വരവിൽ വേദനകൾ മറന്ന് ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നു, ആണിന്റെ നിഴലില്‍ മറയ്‍ക്കപ്പെടുന്ന സ്ത്രീയല്ല, മഞ്ജുവിന്റെ കരുത്തുറ്റ കഥാപാത്രങ്ങൾ, ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ മഞ്ജുവിന് ഇന്ന് പിറന്നാൾ

ഉണ്ണിമായ, ഭാനുമതി, പ്രഭ, മീനാക്ഷി, അഞ്ജലി, ഭദ്ര, രാധ തുടങ്ങി ഒരുപിടി മനോഹര കഥാപാത്രങ്ങളിലൂടെ 1995 മുതൽ 99 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളത്തിൽ നിറഞ്ഞുനിൽക്കുകയായിരുന്നു മഞ്ജു വാര്യർ. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാൾ. ലേഡി സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തിരക്കിലാണ് ആരാധകരും സിനിമാ പ്രവർത്തകരും.

പ്രിയതാരത്തിന് ആശംസകളുമായി നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളായ സംയുക്ത വർമയും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും ഭാവനയും പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്. പ്രായം 44 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യർ.

1978 സെപ്റ്റംബർ 10 ന് മാധവൻ വാര്യര്‍ – ഗിരിജ ദമ്പതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു. 1999 ൽ ഇറങ്ങിയ പത്രമാണ് നടൻ ദിലീപുമായുള്ള വിവാഹത്തിന് മുൻപേ മഞ്ജു അഭിനയിച്ച അവസാന സിനിമ. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു.

പൊതുവില്‍ രണ്ടാം വരവില്‍ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യര്‍ കടന്നു വന്നത്. ഒരേസമയം ഉദാഹരണം സുജാതയില്‍ പത്താംക്ലാസുകാരിയുടെ അമ്മയാവുകയും, ലൂസിഫറിൽ കൗമാരക്കാരിയുടെ അമ്മയാവുകയും അതിനൊപ്പം തന്നെ ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെണ്‍കുട്ടിയാവുകയും ചെയ്ത മഞ്ജു തകര്‍ത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയാണ്. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995 ല്‍ സാക്ഷ്യത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ മഞ്ജുവിനെ തേടിയെത്തിയത് മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളായിരുന്നു. സല്ലാപത്തിലെ രാധയും, ആറാം തമ്പുരാനിലെ ഉണ്ണിമായയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും മലയാളികൾക്ക് നൽകിയത് ആ കാലഘട്ടത്തിലെ പുതിയൊരു നായിക സങ്കല്‍പ്പമാണ്. ആദ്യവരവിൽ സ്ത്രീ കേന്ദ്രികൃതമായ സിനിമകള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെടുത്ത മഞ്ജു തന്റെ തിരിച്ചുവരവിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം മഞ്ജുവിന് ലഭിക്കാനിടയായതും അതുകൊണ്ടാണ്.

ഹൗ ഓള്‍ഡ് ആര്‍യുവിലൂടെ തിരിച്ചുവരവ് നടത്തിയപ്പോൾ, മഞ്ജു അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രം വീട്ടമ്മമാര്‍ക്കും സ്വപ്നങ്ങളുണ്ടെന്ന് മലയാളികളെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അഭിനയിച്ച എന്നും എപ്പോഴും, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

ലൂസിഫർ, പ്രതി പൂവൻ കോഴി ,അസുരൻ, ചതുർമുഖം,മരക്കാർ, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെ മഞ്ജുവിന്റെ രണ്ടാം വരവിനെ ആഘോഷമാക്കുകയായിരുന്നു. പൊതുവില്‍ പുരുഷാധിപത്യത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന സിനിമ മേഖലയില്‍ ഒരു സ്ത്രീ ഇത്രയും ശക്തയായി നില നില്‍ക്കുക എന്നു പറയുന്നത് തന്നെ വളരെ ശ്രമകരമാണ്.

രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല.

ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച മഞ്ജു ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് എന്നാൽ . വ്യക്തിജീവിതത്തിൽ മഞ്ജുവിന് താളപിഴവുകൾ സംഭവിച്ചു. 1998ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടന്ന വിവാഹം ആരാധകരേയും സിനിമപ്രവർത്തകരേയും ഞെട്ടിച്ചു. മഞ്ജു വാര്യരുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമയിൽ നായികയായി കത്തി നിൽക്കുമ്പോഴാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്. വിവാഹശേഷം മഞ്ജുവിനെ പിന്നീട് സിനിമയിൽ കാണാതെയായി. അഭിനയത്തിന് വിവാഹത്തോടെ അവസാനം കുറിച്ചിരുന്നു മഞ്ജു. പ്രണയിച്ച് വിവാഹിതരായ ഇവർ 2014 ൽ നിയമപരമായി വേർപിരിയുകയായിരുന്നു. മഞ്ജു- ദിലീപ് വിവാഹമോചനം ഏറെ ഞെട്ടലൊടെയാണ് പ്രേക്ഷകർ കേട്ടത്. 16 വർഷത്തെ വിവാഹജീവിതം വേർപിരിഞ്ഞതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഏകമകൾ മീനാക്ഷി അച്ഛൻ ദിലീപിനൊടൊപ്പമാണ്.

ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് ഒരിക്കലും മഞ്ജു പരസ്യപ്പെടുത്തിയില്ല. അപ്പോഴും ദിലീപിനെയും മകളെയും സംരക്ഷിച്ചു നിര്‍ത്തുന്ന പ്രതികരണങ്ങളാണ് മഞ്ജു നടത്തിയത്. മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടി ദിലീപ് മറ്റൊരു ദാമ്പത്യത്തിലേക്ക് കടന്നു. മകള്‍ മീനാക്ഷിയാണ് കാവ്യയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് എന്ന് വിവാഹ വേളയില്‍ ദിലീപ് തന്നെ വെളിപ്പെടുത്തിയതാണ്. ദിലീപിനിപ്പോള്‍ പുതിയ ഭാര്യയും അതിലൊരു കുഞ്ഞും ഒക്കെയായി. മീനാക്ഷിയ്ക്കും കൂട്ടുകാരിയെ പോലൊരു അമ്മയെയും അനിയത്തിയെയും കിട്ടി. പക്ഷെ മഞ്ജു… മഞ്ജു തന്റെ തിരക്കുകളില്‍ ഒറ്റപ്പെടല്‍ എന്ന വേദന മറക്കാന്‍ ശ്രമിക്കുകയിരുന്നു

മഞ്ജുവാര്യര്‍ -ദിലീപ് വിവാഹമോചനം ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നായിരുന്നു. എന്താണ് വിവാഹമോചനത്തിലേക്ക് നയിച്ച കാരണമെന്ന് പലരും പലവട്ടം ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും രണ്ട് പേരും ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നടിയുടെ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോൾ വൈറലാവുകയാണ്. വാഹ ബന്ധം അവസാനിപ്പിച്ചപ്പോഴും മറ്റ് പല വാര്‍ത്തകള്‍ വന്നപ്പോഴും മൗനം കൊണ്ടാണ് മഞ്ജു മറുപടി പറഞ്ഞത്. മഞ്ജു വാര്യരുടെ സുഹൃത്ത് കൂടിയായ സിന്‍സി അനില്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ഈ അവസരത്തിൽ വീണ്ടും വൈറലാവുകയാണ്. മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ ചില കാലഘട്ടത്തിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് സിന്‍സി പറഞ്ഞത്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘സ്‌നേഹത്തിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍. സ്‌നേഹിച്ചവനില്‍ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‌നം കണ്ടവള്‍. അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍..

ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവള്‍. എന്റെ ജീവിതം.. എന്റെ ഭര്‍ത്താവ്. എന്റെ കുടുംബം.. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍. അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഇറങ്ങി പോന്നവള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍..

വേര്‍പിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവള്‍. തന്റെ മകളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍. ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവില്‍ നിന്നും അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍. തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍. സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍.

ആരോപണങ്ങള്‍ അമ്പുകളായി കോടതി മുറിയില്‍ നെഞ്ചും കൂടിനെ തകര്‍ത്തിട്ടും സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങള്‍ തുറന്നു പറഞ്ഞു അഭിമാനം ആയവള്‍. 5 വര്‍ഷക്കാലം ഒരു കോള്‍ കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നില്‍ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നില്‍ പതറാതെ നിന്നവള്‍. ഇന്നത്തെ സ്ത്രീകള്‍ക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയര്‍ന്നു പറക്കുന്നവള്‍.

ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാന്‍ ശ്രമിച്ചത്. അവള്‍ക്കു കാലം കാത്ത് വച്ച നീതിയാണ്.. ഇപ്പോള്‍ പുറത്തേക്ക് വരുന്ന ജീര്‍ണിച്ച കഥകള്‍. നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ.. കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ.. എന്നുമാണ് സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

പതിനാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ രൂപമാറ്റം ചിലരെയെങ്കിലും അസൂയപ്പെടുത്തിയിരിയ്ക്കാം. പ്രായം മഞ്ജു റിവേഴ്‌സ് ഗിയറിലിട്ടു. അതെല്ലാം തന്നെയും സ്വയം മോട്ടിവേഷന്‍ ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം എന്ന് ആരാധകര്‍ പറയുന്നു. ഒറ്റപ്പെട്ടു പോവുമ്പോള്‍ നിരുപമ രാജീവിനെ പോലെ സ്വയം ഇഷ്ടപ്പെടുകയും, ഇഷ്ടമുള്ള കാര്യങ്ങള്‍ ആസ്വദിച്ച് ചെയ്യുകയും ചെയ്യുന്നതിലൂടെ കൈവിട്ടു പോകുന്നത് എന്തോ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലാവും മഞ്ജു വാര്യര്‍. ഒരു മാതൃകയാണ് മഞ്ജു.. സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും നടി എന്ന നിലയിലും!

Noora T Noora T :