പ്രവേശനം അനുവദിച്ചില്ല, ക്ഷേത്രത്തിന് മുന്നില്‍ നിന്നും കരഞ്ഞ് കൊണ്ട് നടി അർച്ചനയുടെ ലൈവ്

ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവദിച്ചില്ലെന്നുള്ള ആരോപണവുമായി നടിയും മോഡലുമായ അര്‍ച്ചന ഗൗതം. ആന്ധ്രപ്രദേശിലെ തിരുപ്പതിബാലാജി ക്ഷേത്രത്തില്‍ വിഐപി ദര്‍ശനത്തിനായി 10,500 രൂപ വാങ്ങിയിട്ടും ദര്‍ശനം അനുവദിച്ചില്ലെന്നാണ് നടി ട്വിറ്റര്‍ ലൈവിലൂടെ ആരോപിച്ചത്.

ക്ഷേത്രത്തിന് മുന്നില്‍ നിന്നും കരഞ്ഞു കൊണ്ടായിരുന്നു അര്‍ച്ചനയുടെ ലൈവ്. വീഡിയോക്കിടെ ക്ഷേത്രത്തിലെ അധികൃതര്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. വലിയ തുക ദര്‍ശനത്തിനുള്ള ഫീസായി വാങ്ങിയിട്ടും ക്ഷേത്രത്തിലേക്ക് പ്രവേശനം പോലും അനുവദിച്ചില്ലെന്നാണ് വീഡിയോയില്‍ പരാതി പറയുന്നുണ്ട്.

എന്നാല്‍, നടിയുടെ ആരോപണം ക്ഷേത്ര അധികൃതര്‍ നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം, തിരുപ്പതി ക്ഷേത്രം അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനോട് അര്‍ച്ചന ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങള്‍ മതത്തിന്റെ പേരിലുള്ള കവര്‍ച്ചാ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ടാഗ് ചെയ്തായിരുന്നു വീഡിയോ പങ്കുവച്ചത്. 2014ലെ മിസ് യുപിയായ അര്‍ച്ചന ഗൗതം ഇത്തവണ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Noora T Noora T :