നാണക്കേടു കൊണ്ട് ഒന്നും പറയാന്‍ പറ്റുന്നില്ല, ഞാന്‍ എന്‍റെ വരും തലമുറയോട് എന്തു പറയും? ബില്‍ക്കിസിന് എന്ത് ഉത്തരം നല്‍കും, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെമോചിപ്പിച്ചു; ചര്‍ച്ചയ്ക്കിടയില്‍ പൊട്ടിക്കരഞ്ഞ് നടി ഷബാന അസ്മി, നാടകീയ രംഗങ്ങൾ

ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്. 2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജയിലിലേക്ക് അയച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ സ്വാതന്ത്ര്യ ദിനത്തിൽ സർക്കാർ ജയിൽ മോചിതരാക്കിയത്.

ഇപ്പോഴിതാ ഇവരെ മോചിപ്പിച്ചതിനെതിരെ പൊട്ടിത്തെറിച്ച് നടി ഷബാന അസ്മി. പ്രതികളെ മോചിപ്പിച്ച സമയത്ത് പല തലങ്ങളില്‍ നിന്നും ഗുജറാത്ത് സര്‍ക്കാരിന് എതിരെയുളള പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരും മുന്നോട്ട് വന്നില്ലയെന്നും ഷബാന പറയുന്നു.

“എനിക്ക് ഒന്നും പറയാനില്ല. നാണക്കേടു കൊണ്ട് ഒന്നും പറയാന്‍ പറ്റുന്നില്ലെന്നാണ് ഒരു മാധ്യമത്തോട് അവർ പ്രതികരിച്ചത്

ബില്‍ക്കിസ് കുടുംബത്തിലുളള ഏഴ് പേര്‍ പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടിരുന്നു. അയല്‍വാസികളായ അക്രമികള്‍ മൂന്നു വയസ്സ് മാത്രം പ്രായമുളള അവരുടെ കുട്ടിയെയും കൊന്നു. പിന്നീട് ഗര്‍ഭിണിയായ ബില്‍ക്കിസിനെ പ്രതികള്‍ കൂട്ടബലാത്സഗം ചെയ്യുകയായിരുന്നു.സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണനയില്‍ മുക്തരാക്കപ്പെട്ട പ്രതികളെ പൂമാല അണിയിച്ചാണ് നാട് സ്വീകരിച്ചത്.

നമ്മള്‍ അവര്‍ക്കു വേണ്ടി പൊരുതണ്ടേ? നീതി ലഭിക്കുന്നതു വരെ അവര്‍ക്കായി ശബ്ദമുയര്‍ത്തണം. വീടുകളില്‍ സുരക്ഷിതരല്ലാത്ത സ്ത്രീകള്‍, തങ്ങള്‍ പീഡിപ്പിക്കപ്പെടും എന്ന ഭയത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഇവര്‍ക്കെല്ലാം ആര് സുരക്ഷ നല്‍കും. ഞാന്‍ എന്‍റെ വരും തലമുറയോട് എന്തു പറയും? ബില്‍ക്കിസിന് എന്ത് ഉത്തരം നല്‍കും,” ഷബാന ചോദിച്ചു.

ഇപ്പോഴും നടന്നതൊന്നും എനിക്ക് വിശ്വസിക്കാന്‍ ആയിട്ടില്ല. എത്ര വലിയ അനീതിയാണ് നടന്നതെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.

പ്രതികളെ മോചിപ്പിച്ച സന്തോഷത്തില്‍ ലഡ്ഡു വിതരണം ചെയ്യുന്നതില്‍ നിന്ന് സമൂഹത്തിന് എന്തു സന്ദേശമാണ് കൊടുക്കാന്‍ ശ്രമിക്കുന്നതെന്നും ഷബാന ചോദിക്കുന്നു. “സ്ത്രീ ശക്തിയെ വാഴ്ത്തുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട്. പക്ഷേ നിസഹായരായി നോക്കി നില്‍ക്കുന്നു” ഷബാന പറഞ്ഞു.
സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കും വിധത്തില്‍ മറ്റു ചില ഘടകങ്ങളും ഈ വാര്‍ത്തയെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിര്‍ഭയ കേസില്‍ ഉടലെടുത്ത പ്രതിഷേധങ്ങളെ മുന്‍നിര്‍ത്തി ഷബാന പറഞ്ഞു. ബില്‍ക്കിസ് കേസ് വന്നപ്പോള്‍ മാത്രം എന്തു കൊണ്ടാണ് ഈ നിശബ്ദതയെന്നും ഷബാന ചോദിക്കുന്നു. സിനിമാ ലോകത്തുളളവരും ഇതിനെതിരെ ശബ്ദം ഉയര്‍ത്തേണ്ടതല്ലേ എന്ന ചോദ്യത്തിന് കേസില്‍ ഇപ്പോഴും അവ്യക്തത ഉണ്ടെന്നും ഇത്തരത്തിലുളള ചോദ്യം നിയമസഭയ്ക്ക് നേരെയാണ് ഉയര്‍ത്തേണ്ടതെന്നും ഷബാന പറഞ്ഞു.

ഷബാനയുടെ ഭര്‍ത്താവും എഴുത്തുകാരനുമായ ജാവേദ് അക്തറും ഇതിനെതിരെ രംഗത്തു വന്നിരുന്നു.

“അഞ്ചു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ പീഡിനത്തിന് ഇരയാക്കി, മൂന്നു വയസ്സ് പ്രായമുളള അവരുടെ മകളെ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിച്ചിരിക്കുന്നു. അവരെ മധുരം നല്‍കി സ്വീകരിക്കുന്നു. ചിന്തിച്ചു നോക്കൂ, ഈ സമൂഹത്തിന് എന്തോ പ്രശ്‌നമില്ലേ?” ജാവേദ് ട്വിറ്ററില്‍ കുറിച്ചു.

Noora T Noora T :