ഞാൻ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് നടി മംമ്ത മോഹൻദാസ്. വിവാദമായ പരാമർശങ്ങളിൽ വിശദീകരണവുമായിട്ടാണ് നടി എത്തിയത്. വർഷങ്ങൾക്ക് മുൻപ് ഞാൻ സമൂഹമാധ്യമത്തിൽ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്, മമ്ത പറഞ്ഞു.
മംമ്ത മോഹൻദാസിന്റെ വാക്കുകൾ:
മിക്കപ്പോഴും സത്യം മൂടിവയ്ക്കപ്പെടുന്നു, ഞാൻ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വർഷങ്ങൾക്ക് മുൻപ്, ഞാൻ സമൂഹമാധ്യമത്തിൽ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്. നമ്മൾ ഫെമിനിൻ എനർജിയിൽ നിന്ന് പുരുഷത്വത്തിലേയ്ക്ക് മാറുകയാണ്, അല്ലെങ്കിൽ പരിണാമം അതിനു നമ്മെ നിർബന്ധിതരാക്കി. അതുകൊണ്ട് നമ്മൾ സ്ത്രീകൾ അതിനെയും സ്വീകരിക്കണം. എന്നാൽ അത് അതിരു കടന്നാൽ, ഇന്ന് സംഭവിക്കുന്നത് പോലെ യദാർത്ഥ സ്ത്രീത്വം ടോക്സിക്കായ സ്ത്രീത്വത്തിലേയ്ക്ക് കടക്കുകയും ഇത് ലോകത്തെ ദ്രുവീകരിക്കുകയും ചെയ്യുന്നു.

വീട്ടിൽ, പ്രത്യേകിച്ചും രക്ഷാകർത്വത്തിൽ പുരുഷാധിപത്യത്തിൽ വളർന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിൽ മാത്രമാണ് ഞാൻ എന്നിലേയ്ക്ക് ഉണർന്നത്. മറ്റൊരാൾ നമ്മെ ശ്വാസം മുട്ടിച്ചു എന്നതുകൊണ്ട്, നമ്മൾ സ്വയം ശ്വാസം മുട്ടിക്കേണ്ടതുണ്ടോ? സൗന്ദര്യം, നിറം, ആകൃതി എന്നിവയെ അടിസ്ഥാനപ്പെടുത്തി നമ്മെ നിയന്ത്രിക്കാനും നമുക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നമ്മൾ മറ്റുള്ളവരെ അനുവദിച്ചു എന്ന യാഥാർഥ്യത്തിലേയ്ക്ക് ആധുനിക സ്ത്രീ ഉണരുകയാണ്. നാം നമ്മുടെ മനസ്സിൽ നമ്മെ തന്നെ ഇരയാക്കുകയും നമ്മൾ എന്തായി തീരണമെന്ന് നിർവചിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തു. കാലക്രമേണ നാം എന്തായി തീർന്നു എന്ന തിരിച്ചറിവോടെ തന്നെ നമ്മുടെ ചിന്തകളുടെ തടവുകാരാണ് നമ്മൾ. ശരിയാണ് ഇത് നമ്മളോട് ചെയ്തിട്ടുണ്ട്, പക്ഷെ ഇപ്പോൾ അത് നമ്മൾ തന്നെ നമ്മോട് ചെയ്യുന്നു. ഇവിടെയാണ് ഒരു ഉണർവ് ഉണ്ടാകേണ്ടത്. നമ്മൾ ഇരകളല്ല, ഇത് നമ്മുടെ വിജയവും അവകാശവുമാണ്.