നീണ്ട നാളത്തെ പ്രണയത്തിന് ശേഷം നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു.
മാര്‍ച്ച് 24-നായിരുന്നു വിവാഹനിശ്ചയം നടന്നത്. മാര്‍ച്ച് 28-ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വിഡിയോ വൈറലാവുകയും ചെയ്തു.

തെലുങ്ക് സിനിമ സംവിധായകന് രവി രാജ പെനിസെട്ടിയുടെ മകന് ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി അവസാനം പുറത്തുവന്നത്.
തെന്നിന്ത്യന്‍ സിനിമയില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ ‘1983’ എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിച്ചത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി. മലയാളത്തില്‍ ധമാക്ക എന്ന സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.
