ആ പരാമർ‍ശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നി, അവിടെ ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതത്; ക്ഷമ ചോദിച്ച്‌ നടി നവ്യ നായർ

ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശം വലിയ വിമർശങ്ങൾക്ക് വഴിതെളിയിച്ചിരുന്നു

നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ.

വിനായകൻ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായർ പറയുന്നു. വിനായകന്റെ പരാമർ‍ശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു. അവിടെ ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവൻ സംഭവത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി.

വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കും. എന്നാല്‍ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു വിവാദങ്ങളോട് നേരത്തെയുള്ള നവ്യയുടെ പ്രതികരണം.

‘വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍ ചിലപ്പോള്‍ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക് അതില്‍ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്ത ആക്കും.

വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭര്‍ത്താവും ഒക്കെ എനിക്കൊപ്പമുണ്ട്. വിനായകന് ഒരു അടി കൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാല്‍, മറിച്ച് അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴും’ എന്നായിരുന്ന നവ്യ നായര്‍ പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ വിനായകന്‍ ഇന്നലെ ക്ഷമ ചോദിച്ചിരുന്നു. തന്റെ ഭാഷാപ്രയോഗത്തിന്മേല്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. പരാമര്‍ശം വ്യക്തിപരമായിരുന്നില്ല എന്നാണ് വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് നവ്യ ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്.

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ പറഞ്ഞത്.

Noora T Noora T :