തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നല്ലൊരു വിജയം നടന്റെ കരിയറിൽ സംഭവിച്ചിട്ടില്ല. സഹതാരങ്ങളും സുഹൃത്തുക്കളുമായ ധനുഷും സിമ്പുവും ആര്യയുമെല്ലാം ഉയരങ്ങൾ കീഴടക്കുമ്പോൾ വിശാലിന്റെ സിനിമാ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിച്ചിട്ടില്ലായിരുന്നു. മാത്രമല്ല, ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് അതിശയിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു നടൻ. എന്നാൽ ശാരീരിക ആരോഗ്യത്തിലും അടുത്തിടെയായി നടൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇപ്പോഴിതാ പൊതുവേദിയിൽ പ്രസംഗിച്ച് മടങ്ങവെ താരം തലചുറ്റി വീണുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെയുള്ള് സംസാര വിഷയം. കഴിഞ്ഞ ദിവസം ചിത്തിരൈ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കൂത്താണ്ടവർ ക്ഷേത്രത്തിൽ താരം എത്തിയത്. എല്ലാ വർഷവും ഇവിടെ ചിത്തിരൈ ഉത്സവം ഗംഭീരമായി വിശ്വാസികൾ ആഘോഷിക്കാറുണ്ട്. വില്ലുപുരം ജില്ലയിലാണ് കൂവാഗം കൂത്താണ്ടവർ ക്ഷേത്രം.
പല സ്ഥലങ്ങളിൽ നിന്നുമുള്ള ട്രാൻസ്‌ജെന്ററുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കുകയും ചിത്തിരൈ ഉത്സവം ഗംഭീരമായി ആഘോഷിക്കുകയും ചെയ്യുന്നത് പതിവാണ്. ഉത്സവത്തോട് അനുബന്ധിച്ച് ട്രാൻസ്‌ജെന്ററുകൾക്കായി സൗന്ദര്യ മത്സരവും നടത്താറുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസ്‌ജെന്ററുകളും ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.
ഇത്തവണ സൗന്ദര്യ മത്സരം കാണാനും വിലയിരുത്താനും എത്തിയ സ്പെഷ്യൽ ഗസ്റ്റിൽ ഒരാൾ വിശാൽ ആയിരുന്നു. ഷോയിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് വേദിയിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ നടൻ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ സമീപത്തുണ്ടായിരുന്നവർ താരത്തെ താങ്ങി എടുത്ത് ആശുപത്രിയിൽ എത്തിച്ചു. മുൻ ഡിഎംകെ മന്ത്രി പൊൻമുടിയുടെ വാഹനത്തിലാണ് വിശാലിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.
രാഷ്ട്രീയപരമായി രണ്ട് ഭാഗങ്ങളിൽ നിൽക്കുന്നവരാണ് വിശാലും പൊൻമുടിയും. വിശാലിന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?, ബോധക്ഷയത്തിന് പിന്നിലെ കാരണം ഒന്നും വ്യക്തമല്ല. ചൂടിന്റെ ആഘാതവും മതിയായ വായുസഞ്ചാരത്തിന്റെ അഭാവവും കാരണമാകാം വിശാൽ ബോധരഹിതനായി വീണതെന്നാണ് നിഗമനം. ആദ്യമായല്ല അവശനിലയിൽ പൊതുവേദിയിൽ നടനെ പ്രേക്ഷകർ കാണുന്നത്.
ആദ്യമായിതാരം അവശനിലയിൽ പ്രത്യക്ഷപ്പെട്ടത് മദഗദരാജയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിലാണ്. വിശാലിന്റെ വീഡിയോ കണ്ട് ഞെട്ടത്താവരില്ലായിരുന്നു. തമിഴ് ജനത മാത്രമല്ല, മലയാളികൾക്ക് പോലും ഞെട്ടലുണ്ടാക്കുന്നതായിരുന്നു വീഡിയോ. വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു. കാഴ്ചക്കായി വലിയ പവറുള്ള കണ്ണടയും താരം ഉപയോഗിച്ചിരുന്നു.
അന്നത്തെ വീഡിയോ വൈറലായപ്പോൾ തീവ്രമായ പനിയുണ്ടായിരുന്നതിനാലാണ് തനിക്ക് വിറയലുണ്ടായത് എന്നായിരുന്നു വിശാലിന്റെ വിശദീകരണം. എന്നാൽ പലരും താൻ മാരകമായ അസുഖത്തിന് ചികിത്സയിലാണെന്ന് പറഞ്ഞ് പരത്തിയെന്നും നടൻ ആരോപിച്ചിരുന്നു. വേദിയിൽ ബോധരഹിതനായി വീണുവെന്ന വാർത്ത പുറത്ത് വന്നതോടെ അന്ന് ശരീരം വിറച്ചത് പനികൊണ്ടാണെന്ന് നടൻ പറഞ്ഞത് നുണയാണോ എന്നുള്ള സംശയമാണ് ആരാധകരടക്കം ഉന്നയിക്കുന്നത്.
പിന്നാലെ സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലുവിന്റെ വാക്കുകളും ഇപ്പോൾ ചർച്ചയാകുകയാണ്. പനിയ്ക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്നാണ് ചെയ്യാറു ബാലു തന്റെ വീഡിയോയിലൂടെ പറയുന്നത്. മദഗദരാജയുടെ പ്രെമോഷൻ വേളയിലെ സംഭവത്തിന് പിന്നാലെയാണ് ചെയ്യാറു ബാലു വീഡിയോ പങ്കുവെച്ചത്. വീണ്ടും വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചെയ്യാറു ബാലുവിന്റെയും വീഡിയോ ചർച്ചയായി മാറുന്നത്.
തമിഴ് സിനിമയിൽ ഏറ്റവും മാൻലി ലുക്കുള്ള നടനായിരുന്നു വിശാൽ. അവൻ ഇവൻ സിനിമയിൽ അഭിനയിച്ച ശേഷം ചെറിയ രീതിയിൽ ഫീമെയിൽ ടച്ച് നടന്റെ പെരുമാറ്റത്തിൽ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായശേഷം ബോഡി ഫിറ്റായിരിക്കാൻ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.
മുമ്പ് ഒരിക്കൽ വിശാലിനെ ഞാൻ കണ്ടപ്പോൾ സംസാരിക്കുന്നതിനിടെ സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാൻ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങൾ, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ… പൊതുപ്രശ്നങ്ങൾക്കുവേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാൽ.
വിശാലിനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയർന്ന പനിയുള്ള ഒരാൾക്ക് ഇത്തരമൊരു ഫങ്ഷനിൽ പങ്കെടുക്കാൻ വരാൻ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്. ഹൈ പവർ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി.
അവൻ ഇവൻ സിനിമയിൽ കോങ്കണ്ണുള്ള കഥാപാത്രമായി വിശാൽ അഭിനയിച്ചിരുന്നു. അതിനുശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിങിന് വന്നപ്പോൾ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കിൽ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു. ആരോഗ്യവാനായി തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.
വിശാലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ‘‘വർഷങ്ങളായി മൈഗ്രൈയ്ൻ മൂലം കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വിശാൽ. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയിലായിരുന്നു. അതിനിടെ കണ്ണിനും ചെറിയൊരു പ്രശ്നം സംഭവിച്ചിരുന്നു.
വീരമൈ വാഗൈ സൂഡും സിനിമയുടെ സെറ്റിൽ വച്ചാണ് ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണിനു പരുക്കേൽക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന എല്ലാ സിനിമകളിലും ഇതുപോലെ ശരീരത്തിന് നിരവധി തവണ അപകടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനി ബാധിതനായിരുന്നു. ഇതിനിടെയിലാണ് സിനിമാ പ്രമോഷനുവേണ്ടി ഒരിടവേളയ്ക്കു ശേഷം അദ്ദേഹം പൊതുവേദിയിലെത്തിയത് എന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് അന്ന് പ്രതികരിച്ചിരുന്നത്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനുശേഷം റിലീസിനെത്തിയ വിശാൽ ചിത്രമായിരുന്നു മദഗജരാജ. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ. സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയ്ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
ഒരു കാലത്ത് തെന്നിന്ത്യയിലെ ഭൂരിഭാഗം പെൺകുട്ടികളുടെയും ക്രഷായിരുന്നു വിശാൽ. സണ്ടക്കോഴിയുടെ റിലീസിനുശേഷമാണ് നടന് കേരളത്തിൽ അടക്കം നിരവധി ആരാധകരെ ലഭിച്ചത്. നാൽപ്പത്തിയേഴുകാരനായ താരം വിവാഹിതനല്ല, വിശാലിന്റെ പ്രണയവും ബ്രേക്ക് അപ്പുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ചർച്ചാ വിഷയമാണ്.
സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് വിശാൽ കരിയർ ആരംഭിച്ചത്. പിന്നീട് ചെല്ലമേ സിനിമയിലൂടെ നായകനായി. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുൻനിര നായകനായി, പിന്നീട് നിർമാതാവായി, ഇപ്പോൾ തമിഴ് സിനിമയിലെ പല സംഘടനകളുടെയും തലപ്പത്തുമെത്തി നിൽക്കുകയാണ്. നിർമാതാവ് ജി കെ റെഡ്‌ഡിയുടെ ഇളയ മകനാണ് വിശാൽ കൃഷ്ണ റെഡ്‌ഡി എന്ന വിശാൽ.
നടൻ വിശാലിന്റെ ആരോഗ്യവിഷയത്തിൽ പ്രതികരിച്ച് ജയം രവിയും കൊറിയോഗ്രഫർ കലാ മാസ്റ്ററും രംഗത്തെത്തിയതും ചർച്ചയായിരുന്നു. ടുത്ത പനിയെ അവഗണിച്ചാണ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയതെന്നും അദ്ദേഹത്തെ ആ രൂപത്തിൽ കണ്ടപ്പോൾ സഹിക്കാൻ കഴിയാതെ കരഞ്ഞു പോയെന്നും കലാ മാസ്റ്റർ പറഞ്ഞു. സിംഹത്തെപ്പോലെ കരുത്തനായി വിശാൽ വേഗം മടങ്ങിവരുമെന്നായിരുന്നു ജയം രവിയുടെ പ്രതികരണം. കലാ മാസ്റ്ററുടെ ചാറ്റ് ഷോയിലാണ് ഇരുവരും സുഹൃത്തും സഹപ്രവർത്തകനുമായ വിശാലിന്റെ ആരോഗ്യവിഷയത്തെക്കുറിച്ച് സംസാരിച്ചത്.
വിശാലിനെപ്പോലെ ഒരു ധൈര്യശാലി വേറെയില്ല. ജീവിതത്തിലെ മോശം കാലഘട്ടമെന്നോ സമയമെന്നോ ഒക്കെ പറയാവുന്ന സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ധൈര്യം തീർച്ചയായും അദ്ദേഹത്തെ രക്ഷിക്കും. വളരെ വേഗം അദ്ദേഹം തിരിച്ചു വരും. ഉറപ്പായും ഒരു സിംഹത്തെപ്പോലെ കരുത്തനായി തിരിച്ചു വരും എന്നുമാണ് ജയം രവി പ്രതികരിച്ചത്.
അതേസമയം, തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടൻ വെളിപ്പെടുത്തിയിരുന്നത് വാർത്തയായിരുന്നു. ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് പരിശോധിക്കണം.
മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കും. പുരുഷന്മാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തിനെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടിയെടുക്കും.
അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകൾ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം എന്നുമായിരുന്നു വിശാൽ പറഞ്ഞിരുന്നത്.